ഭക്തി നിറവില്‍ പടുവിലാക്കാവിലെ തേങ്ങപിടി

അഞ്ചരക്കണ്ടി: ഭക്തിനിര്‍വൃതിയില്‍ പടുവിലാക്കാവില്‍ തേങ്ങപിടി ചടങ്ങ് നടന്നു. വൃശ്ചികം ഒന്നുമുതല്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിലെ പ്രധാന ചടങ്ങാണ് തേങ്ങപിടി ഉത്സവം. പ്രദേശത്തെ യുവാക്കളുടെ മനക്കരുത്തും മെയ്ക്കരുത്തും കൈക്കരുത്തും പ്രകടമാക്കുന്ന ഉത്സവമെന്നതാണ് ചടങ്ങിന്‍െറ പ്രത്യേകത. വൃശ്ചികം ഒന്നിന് വൃത്തിയാക്കി തയാറാക്കിയ രണ്ടു നാളികേരങ്ങള്‍ എള്ളെണ്ണയിലിട്ടുവെക്കും. ഇതാണ് ഏഴാംദിവസം തേങ്ങപിടിക്ക് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറെ നടയില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന വഴുവഴുപ്പുള്ള തേങ്ങ മല്‍പിടിത്തത്തിലൂടെ സ്വന്തമാക്കി കിഴക്കേ മതിലില്‍ ഉടക്കുന്നതാണ് ചടങ്ങ്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് വട്ടക്കുന്നം ദാമോദരന്‍ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് തൃക്കൈ ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തി. പൂജിച്ച നാളികേരങ്ങളുമായി 5.40ഓടെ ക്ഷേത്രം ശാന്തി കുന്നുംചിറ ഇല്ലം കൃഷ്ണന്‍ നമ്പൂതിരി എത്തിയതോടെ ക്ഷേത്ര പരിസരം ഹരിഗോവിന്ദം വിളികളാല്‍ മുഖരിതമായി. തേങ്ങ കൊടുക്കാന്‍ അവകാശമുള്ള പൊന്മലേരി കോറോത്ത് തറവാട് കാരണവര്‍ സുകുമാരന്‍ നമ്പ്യാര്‍ 5.50ന് ആദ്യ തേങ്ങയും 6.10ന് രണ്ടാമത്തെ തേങ്ങയും വാല്യക്കാര്‍ക്ക് എറിഞ്ഞുകൊടുത്തു. തേങ്ങ സ്വന്തമാക്കാനുള്ള വാല്യക്കാരുടെ പ്രയത്നത്തിനിടെ ആദ്യത്തെ തേങ്ങ ഷിജിനും രണ്ടാമത്തേത് അനീഷും കിഴക്കെ മതിലിലുടച്ച് പൊട്ടിച്ചതോടെ തേങ്ങപിടിക്ക് പരിസമാപ്തിയായി. പ്രാട്ടറ സ്വരൂപത്തിന്‍െറ അധിപനായ കോട്ടയം തമ്പുരാന്‍ തന്‍െറ പടയാളികളുടെ കരുത്ത് പരീക്ഷിക്കാന്‍ നേരിട്ടു നടത്തിവന്നതാണ് തേങ്ങപിടി എന്നാണ് ഐതിഹ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.