മലയോര ഹൈവേ നിര്‍മാണം ദ്രുതഗതിയില്‍

ആലക്കോട്: ആശങ്കകള്‍ക്ക് വിരാമമിട്ട് മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തികള്‍ ഹൈസ്പീഡില്‍ മുന്നേറുന്നു. ചെറുപുഴ മുതല്‍ ഉളിക്കല്‍വരെയുള്ള 52 കി.മീ ദൂരത്തിലാണ് അന്താരാഷ്ട്രനിലവാരത്തില്‍ മെക്കാഡം റോഡ് നിര്‍മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് മലയോര ഹൈവേയുടെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, ഫണ്ട് അനുവദിച്ചതിലുള്ള അവ്യക്തതകാരണം പ്രവൃത്തി നീളുകയായിരുന്നു. ഈ വിഷയത്തില്‍ ഇടതുവലത് മുന്നണികള്‍ പരസ്പരം പഴിചാരുന്ന കാഴ്ചകള്‍ക്കും മലയോരം സാക്ഷിയായി. തുടര്‍ന്ന് റോഡുപണി ഫണ്ടില്ലാത്തതുകൊണ്ട് താല്‍ക്കാലികമായി നിര്‍ത്തുകയും യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ മലയോരഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഡ് നിര്‍മാണം തുടരാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ എട്ടു മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തും. ആദ്യഘട്ട പ്രവൃത്തികള്‍ പലയിടത്തും പൂര്‍ത്തിയായിക്കഴിഞ്ഞു. കലുങ്കുകളുടെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. കയറ്റംകുറക്കലും ഫില്ലിങ് പ്രവൃത്തികളുമാണ് ഇപ്പോള്‍ നടക്കുന്നത്. നാലു ബാച്ചുകളിലായി നൂറുകണക്കിന് തൊഴിലാളികളാണ് പലഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. അത്യാധുനിക മെഷിനറികള്‍ ഉപയോഗിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. ചെറുപുഴ, ആലക്കോട്, നടുവില്‍ പഞ്ചായത്തുകളിലാണ് നിലവില്‍ പ്രവൃത്തി നടക്കുന്നത്. കയറ്റംകുറക്കല്‍ പൂര്‍ത്തിയാകുന്നതോടെ പലരുടെയും ഭവനങ്ങള്‍ കുന്നിന്മുകളില്‍ ആകുമെങ്കിലും നാടിന്‍െറ വികസനത്തിനായി മലയോരജനത ഒറ്റക്കെട്ടാണ്. പാതനിര്‍മാണം പൂര്‍ത്തിയായാല്‍ ആലക്കോട്-തേര്‍ത്തല്ലി-ചെറുപുഴവഴി മൂന്നു മണിക്കൂര്‍കൊണ്ട് മംഗളൂരുവിലത്തൊം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.