നോട്ടലച്ചിലിന് അറുതിയില്ല

പയ്യന്നൂര്‍: ‘‘രാവിലെ ഒമ്പതിന് വന്നതാ മോനെ, ഒരിറക്ക് വെള്ളംവരെ കുടിച്ചിറ്റില്ല. നമ്മള കഷ്ടത്തിലാക്കി ഓന്‍ സുയിക്കട്ടെ’’ ഇന്നലെ പയ്യന്നൂരിലെ ഒരു ദേശസാത്കൃത ബാങ്കിലെ ക്യൂവില്‍നിന്ന് മടുത്ത 60 പിന്നിട്ട ഒരു വീട്ടമ്മയുടെ പ്രതികരണമായിരുന്നു ഇത്. ‘‘ഞാന്‍ 10 വര്‍ഷത്തിലധികമായി ഗള്‍ഫിലെ പൊടിക്കാറ്റുതിന്ന് സമ്പാദിച്ച കാശാ, അത് കിട്ടാന്‍ ക്യൂ നിക്കണത്രെ. ഇത് ഏത് രാജ്യത്തെ നിയമാ’’? ക്യൂവിലുണ്ടായിരുന്ന പ്രവാസി യുവാവിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ഇന്നലെ സഹകരണ ബാങ്കില്‍ ക്യൂ നിന്ന് കിട്ടിയത് 2000ത്തിന്‍െറ നോട്ട്. കൂടെയുണ്ടായിരുന്ന പേരക്കുട്ടിക്ക് ഒരു ഗ്ളാസ് വെള്ളം വാങ്ങിക്കൊടുക്കാന്‍ അലഞ്ഞു. ആരും കനിഞ്ഞില്ല. ഒടുവില്‍ ബാങ്കില്‍തന്നെ വന്ന് ക്ളര്‍ക്കിനോട് കാര്യം പറഞ്ഞു. അയാള്‍ 200 രൂപ കടം തന്നു. അതുകൊണ്ട് കുട്ടീടെ കരച്ചില്‍ നിര്‍ത്താനായി’’. പ്രായംചെന്ന മറ്റൊരു വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ഇവിടെ സാധാരണക്കാരല്ലാതെ ഏതെങ്കിലും പണക്കാരന്‍ ക്യൂവിലുണ്ടോ’’ ഒരു മധ്യവയസ്കന്‍െറ ക്ഷോഭം ഈ രീതിയിലായിരുന്നു. മോഹന്‍ലാലിന്‍െറ ബ്ളോഗും സഹകരണത്തിനുവേണ്ടി സഹകരിക്കാത്ത രാഷ്ട്രീയവും ക്യൂവിലെ ചര്‍ച്ചയില്‍ വന്നു. നോട്ടുനിരോധനം അരമാസം പിന്നിട്ടിട്ടും ജനത്തിന്‍െറ ദുരിതത്തിന് അറുതിയായില്ല എന്നാണ് ബാങ്കുകളിലെ ക്യൂ വ്യക്തമാക്കുന്നത്. ഇന്നലെ മിക്ക ബാങ്കുകളില്‍നിന്നും 24,000ന് പകരം 10,000 മാത്രമാണ് ലഭിച്ചത്. സഹകരണ ബാങ്കുകളില്‍നിന്ന് നിക്ഷേപകര്‍ക്ക് ലഭിച്ചത് 2000 മാത്രമാണ്. പല എ.ടി.എമ്മുകളും ഇതുവരെ തുറന്നില്ല. പരിയാരം മെഡിക്കല്‍ കോളജിനു മുന്നിലെ ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ നിരോധനം വന്നശേഷം ഇതുവരെ തുറന്നിട്ടില്ല. ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് നടപ്പായില്ല. 2000 രൂപ നോട്ടാണ് മറ്റൊരു ദുരന്തം. ഇതുമായി പൊതുജനം നെട്ടോട്ടമോടുകയാണ്. മരുന്നു വാങ്ങാന്‍പോലും സാധിക്കുന്നില്ല. ബാങ്കുകളില്‍ 100 രൂപ നോട്ട് പരിമിതമാണ്. ഇതുവരെ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാത്തവര്‍ നിരവധിയാണ്. ഇവരെല്ലാം ക്യൂ നിന്ന് തളരുകയാണ്. പെന്‍ഷന്‍ കുടിശ്ശിക ലഭിച്ചവരില്‍ ഭൂരിഭാഗം കാശും ബാങ്കില്‍തന്നെ നിലനിര്‍ത്തിയവരാണ്. ഇവര്‍ പണവും റേഷനരിയും ഇല്ലാതെ ദുരിതത്തിലാണ്. 500ന്‍െറ നോട്ട് വന്നു എന്ന അറിയിപ്പുമാത്രമാണ് മിക്കയിടത്തും എത്തിയത്. എ.ടി.എമ്മുകളില്‍ നൂറിന്‍െറ നോട്ടുകള്‍ എവിടെയെങ്കിലും നിറച്ചാല്‍ ആദ്യ മണിക്കൂറില്‍തന്നെ കാലിയാവുകയാണ്. മണിക്കൂറുകള്‍ ക്യൂനിന്ന് വെറുംകൈയോടെ മടങ്ങുന്നവരും നിരവധി. ആവശ്യത്തിന് ചില്ലറയില്ലാത്തതിനാല്‍ എസ്.ബി.ഐ മൊബൈല്‍ എ.ടി.എം പ്രവര്‍ത്തനം പരിമിതപ്പെടുത്തി. ചില്ലറയില്ലാത്തതിനാല്‍ പല കടക്കാരും സ്ളിപ്പ് നല്‍കുകയാണ്. ഇത് മറ്റ് കടകളില്‍ പോകുന്നതിനും തടസ്സമാകുന്നു. മത്സ്യവില്‍പന 10 ശതമാനമായി കുറഞ്ഞു. അവശ്യസാധനങ്ങളുടെ വില്‍പനയും കുറഞ്ഞു. രണ്ടാഴ്ച പിന്നിട്ടിട്ടും ദുരിതത്തിന് അറുതിയായില്ല. പല അസംഘടിതമേഖലയിലെ തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.