വിജയ ബാങ്ക് കവര്‍ച്ച: വിധിയില്‍ ആശ്വസിച്ച് ചെറുവത്തൂര്‍

ചെറുവത്തൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതില്‍ ചെറുവത്തൂര്‍ നിവാസികള്‍ക്ക് ആശ്വാസം. ചെറുവത്തൂരിന്‍െറ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബാങ്ക് കവര്‍ച്ച. പൊതുവേ 24 മണിക്കൂറും ആള്‍സഞ്ചാരമുള്ള ടൗണില്‍ നടന്ന വന്‍ കവര്‍ച്ച പല സംശയങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നാട്ടുകാരുടെ സഹായമില്ലാതെ ഇത്തരമൊരു കവര്‍ച്ച നടക്കില്ളെന്ന് പൊലീസ് സംശയിച്ചു. ഇത് പലരിലേക്കും സംശയങ്ങള്‍ നീളാനും ഇടയാക്കി. 2015 സെപ്റ്റംബര്‍ 28നാണ് ബാങ്ക് ജീവനക്കാര്‍ കവര്‍ച്ച നടന്നതായി കണ്ടത്തെിയത്. 500ലേറെ വരുന്ന ഇടപാടുകാരുടെ 1300 പണയ വസ്തുക്കളാണ് കവര്‍ന്നത്. ഇതില്‍ 17.5 കി.ഗ്രാം സ്വര്‍ണാഭരണവും 55,000 രൂപയും ഉള്‍പ്പെട്ടിരുന്നു. രണ്ടുദിവസത്തെ ബാങ്ക് അവധി പ്രയോജനപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശാഖയിലാണ് കവര്‍ച്ച നടന്നത്. കുഡ്ലു ബാങ്ക് കവര്‍ച്ചയുടെ ഞെട്ടല്‍ മാറുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ നടന്ന രണ്ടാമത്തെ വലിയ കവര്‍ച്ച പൊലീസിന് തലവേദനയായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേലേമ്പ്രയില്‍ നടന്ന ബാങ്ക് കൊള്ള പോലെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നാണ് കവര്‍ച്ച നടത്തിയത്. സ്ട്രോങ് റൂമില്‍ നാല് അലമാരകളാണുണ്ടായത്. ഇതില്‍ രണ്ട് അലമാരകള്‍ തുറന്നാണ് മോഷണം നടത്തിയത്. ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍െറ താഴത്തെ നിലയിലെ മുറികള്‍ വാടകക്കെടുത്തവരാണ് മോഷണം നടത്തിയതെന്ന സൂചന പൊലീസിന് തുടക്കത്തില്‍തന്നെ ലഭിച്ചിരുന്നു. കവര്‍ച്ചക്ക് മൂന്നുമാസം മുമ്പാണ് ബാങ്കിന്‍െറ താഴത്തെ മുറികള്‍ കവര്‍ച്ചക്കാര്‍ വാടകക്കെടുത്തത്. മുറിയുടെ മുന്‍ഭാഗത്തുള്ള ഷട്ടറുകള്‍ അടച്ചായിരുന്നു പ്രവൃത്തികള്‍ നടത്തിയിരുന്നത്. സ്ഥിരമായി ഇവിടെനിന്ന് നിര്‍മാണ പ്രവൃത്തിയുടെ ശബ്ദം ഉയര്‍ന്നതിനാല്‍ തൊട്ടടുത്ത വ്യാപാരികള്‍ക്കൊന്നും സംശയമുണ്ടായില്ല. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ താഴത്തെ മുറി പ്രത്യേകം മറച്ചായിരുന്നു ബാങ്കിന്‍െറ സ്ട്രോങ് റൂമിലേക്കുള്ള തുരങ്കമുണ്ടാക്കിയത്. ബാങ്കിന് മതിയായ സുരക്ഷ ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകാത്തതും കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമായി. അന്നത്തെ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസ്, ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയത്. സെപ്റ്റംബര്‍ 29ന് ബാങ്ക് സന്ദര്‍ശിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി എന്നിവര്‍ അന്വേഷണ സംഘത്തിന് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരുന്നു. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പ്രചരിപ്പിക്കുന്നതില്‍ പൊലീസ് വിജയിച്ചു. അസം, ബിഹാര്‍, ഛത്തിസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്ന് പ്രചരിപ്പിച്ചതിനാല്‍ പ്രതികള്‍ താമസസ്ഥലങ്ങളില്‍നിന്ന് മാറുന്നത് ഒഴിവാക്കാന്‍ പൊലീസിന് സാധിച്ചു. സെപ്റ്റംബര്‍ 29നുതന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 26ന് രാവിലെ 11.40ന് കവര്‍ച്ച ചെയ്ത ആഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതിയുടെ ചിത്രം തൊട്ടടുത്ത ഫാര്‍മേഴ്സ് ബാങ്കിന്‍െറ കാമറയില്‍നിന്നാണ് പൊലീസ് ശേഖരിച്ചത്. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതോടെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന പാഠമാണ് തങ്ങള്‍ക്കുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.