പഴശ്ശിരാജയുടെ പ്രതിമ നാളെ മട്ടന്നൂരിലേക്ക്

കണ്ണൂര്‍: പഴശ്ശിരാജയുടെ 211ാം ചരമവാര്‍ഷികം നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഒന്നുവരെ വിവിധ പരിപാടികളോടെ മട്ടന്നൂര്‍ നഗരസഭ ആചരിക്കുന്നു. 2009ല്‍ നഗരസഭ പഴശ്ശിയില്‍ നിര്‍മിച്ച സ്മൃതിമന്ദിരത്തില്‍ പഴശ്ശിരാജയുടെ ഈട്ടിത്തടിയിലുള്ള പൂര്‍ണകായ പ്രതിമ വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി സ്ഥാപിക്കും. 23ന് രാവിലെ 9.30ന് ചെറുതാഴം മൂലയില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി. രാജേഷ് എം.എല്‍.എ പ്രതിമ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന് കൈമാറും. പിലാത്തറ, പരിയാരം, കെ.എന്‍.എച്ച്.എസ്.എസ്, തളിപ്പറമ്പ് ടൗണ്‍ സ്ക്വയര്‍, ധര്‍മശാല, കല്യാശ്ശേരി, പാപ്പിനിശ്ശേരി, പുതിയതെരു, കൃഷ്ണമേനോന്‍ വനിത കോളജ് പരിസരം, സിവില്‍ സ്റ്റേഷന്‍ പരിസരം, മേലെ ചൊവ്വ, എളയാവൂര്‍, വാരം, ഏച്ചൂര്‍, മുണ്ടേരി എച്ച്.എസ്.എസ്, കൂടാളി, ചാലോട്, എടയന്നൂര്‍, തെരൂര്‍, കൊതേരി, വായാന്തോട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് ആറോടെ പഴശ്ശിയില്‍ എത്തിച്ചേരും. പഴശ്ശിരാജയുടെ പ്രതിമ കിയാല്‍ എം.ഡി വി. തുളസീദാസ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, പദ്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരനില്‍നിന്ന് സ്വീകരിക്കും. ഒറ്റത്തടിയായി നില്‍ക്കുന്ന ഈട്ടിത്തടിയിലാണ് പ്രതിമ നിര്‍മിച്ചത്. ചെറുതാഴം സ്വദേശിയായ യുവശില്‍പി പ്രശാന്താണ് എട്ടു മാസമെടുത്ത് പ്രതിമ പൂര്‍ത്തീകരിച്ചത്. ജീര്‍ണാവസ്ഥയിലേക്ക് നീങ്ങുന്ന പഴശ്ശി കോവിലകം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതിനിടയില്‍ കോവിലകത്തെ ജീര്‍ണാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ താല്‍ക്കാലികമായ നവീകരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 27ന് നടക്കും.പഴശ്ശിരാജയുടെ രക്തസാക്ഷിത്വ ദിനമായ 30ന് പഴശ്ശി കോവിലകത്തിന്‍െറ അങ്കണത്തില്‍ വെച്ച് മട്ടന്നൂര്‍ ചരിത്രരചനാ സമ്മേളനം നടക്കും. മട്ടന്നൂരിന്‍െറ ഇന്നോളമുള്ള ചരിത്രം ചികഞ്ഞെടുത്ത് രേഖപ്പെടുത്തുന്നതിനായി മട്ടന്നൂര്‍ നഗരസഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ 200ഓളം സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവരശേഖരണം നടത്തിവരുകയാണ്. 30ന് രാവിലെ ഒമ്പതിന് ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും. വീണ ജോര്‍ജ് എം.എല്‍.എ വിശിഷ്ടാതിഥിയാവും. ചരിത്ര സമ്മേളനത്തില്‍ ക്രോഡീകരിക്കുന്ന വിവരങ്ങള്‍ ഗ്രന്ഥമായി പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒന്നിന് വാര്‍ഷികാചരണ പരിപാടികള്‍ക്ക് സമാപനം കുറിക്കും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരസഭയുടെ പഴശ്ശി സ്മൃതിമന്ദിരത്തില്‍വെച്ച് പഴശ്ശിരാജയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യും. ചടങ്ങില്‍ ശില്‍പിയെ ആദരിക്കും. ഇ.പി. ജയരാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. ഭാസ്കരന്‍, എം. സുരേശന്‍, പി. സുരേഷ്ബാബു, ശില്‍പി പ്രശാന്ത് ചെറുതാഴം, കെ.പി. രമേശ്ബാബു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.