നോട്ട് ക്ഷാമകാലത്തും കനിവിന്‍െറ ഉറവവറ്റാതെ പെരുമ്പ്യന്‍സ് കൂട്ടായ്മ

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പുതിയ അധ്യായങ്ങള്‍ തീര്‍ത്ത് ജനങ്ങളുടെ മനസ്സില്‍ ഇടംതേടിയ പെരുമ്പ്യന്‍സ് വാട്സ് ആപ് കൂട്ടായ്മ കറന്‍സി ക്ഷാമകാലത്തും കനിവിന്‍െറ കൈത്തിരി അണച്ചില്ല. 18 കുടുംബങ്ങള്‍ക്ക് എല്ലാമാസവും നല്‍കിവരുന്ന 1500 രൂപ വീതം ധനസഹായം ഇത്തവണയും നല്‍കി. ഇക്കുറി എല്ലാവര്‍ക്കും 100 രൂപയുടെ നോട്ടുകളാണ് നല്‍കിയത്. തീരാദുരിതങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് നാട്ടിലും വിദേശത്തുമുള്ള പെരുമ്പനിവാസികളുടെ ഈ കൂട്ടായ്മ. വൃക്കരോഗികള്‍ക്ക് ഡയാലിസിസിനും ഹൃദ്രോഗം, അര്‍ബുദം ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍കൊണ്ട് വിഷമം അനുഭവിക്കുന്നവര്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കിയും സാന്ത്വനമാവുകയാണ് കനിവിന്‍െറ ഈ ഒരുമ. റമദാന്‍ കാലത്ത് കിറ്റ് വിതരണം, ഇഫ്താര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുക, പാവങ്ങള്‍ക്ക് പെന്‍ഷന്‍പദ്ധതി, സാമൂഹികതിന്മകള്‍ക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് ഈ കൂട്ടായ്മ നേതൃത്വം നല്‍കിവരുന്നു. സാമൂഹികമാധ്യമങ്ങള്‍ വൈരം വിതക്കുന്ന തിന്മയുടെ അരങ്ങായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രീയ, മത സമവാക്യങ്ങള്‍ക്ക് അതീതമായി ഈ നവമാധ്യമ കൂട്ടായ്മ മനുഷ്യത്വത്തിന്‍െറ മാതൃക തീര്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.