ഉയര്‍ത്തിയ റോഡില്‍ ഓവുചാലില്ല; വാസഭൂമി വെള്ളത്തിലാകും

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്തേക്കു നേരിട്ടത്തെുന്ന പ്രധാന വഴിയായ വായാന്തോട്- കാര റോഡ് നവീകരണം ലക്ഷ്യത്തിലേക്കത്തെുമ്പോള്‍ റോഡരികിലെ വീട്ടുകാര്‍ ആശങ്കയില്‍. ഓവുചാല്‍ ഇല്ലാത്തതിനാല്‍ മൂര്‍ഖന്‍ പറമ്പിലെ ഉയര്‍ന്ന പ്രദേശത്തുനിന്നും റോഡില്‍ നിന്നുമുള്ള ശക്തമായ വെള്ളപ്പാച്ചില്‍ ഇടതുഭാഗത്തെ താഴ്ന്ന വീട്ടുപറമ്പിലേക്കായിരിക്കും എന്നതാണ് നിരവധി വീട്ടുടമകളെ അസ്വസ്ഥരാക്കുന്നത്. താഴ്ചകള്‍ പരമാവധി കുറച്ച് നിലവിലുള്ള പാത ഉയര്‍ത്തിയാണ് റോഡു വികസിപ്പിക്കുന്നത്. വായാന്തോട്-കാര റോഡില്‍ പലസ്ഥലത്തും മൂന്നടി മുതല്‍ ആറടി വരെ മണ്ണിട്ട് ഉയര്‍ത്തി. റോഡിന്‍െറ കിഴക്കുഭാഗത്ത് ഓവുചാല്‍ പണിയാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടില്ല. വായാന്തോട് മുതല്‍ ആരംഭിച്ച ഓവുചാലിനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, റോഡിന്‍െറ പകുതി മുതല്‍ പാറാപ്പൊയില്‍ വരെയുള്ള ഭാഗത്ത് ഓവുചാലില്ല. ഇടതുവശത്തുള്ള വീടുകള്‍ മുഴുവന്‍ റോഡില്‍ നിന്നും ഏറെ താഴെയാണുള്ളത്. ഈ മേഖലയില്‍ ഓവുചാല്‍ നിര്‍മിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ധനലക്ഷ്മി, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ. വേണുഗോപാല്‍, വി. മോഹനന്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിപ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ മഴക്കാലത്ത് വന്‍തോതില്‍ മലവെള്ളം കുത്തിയൊഴുകിവന്ന് പലപ്രദേശങ്ങളിലും പ്രശ്നം സൃഷ്ടിച്ചിരുന്നു. അന്ന് കല്ളേരിക്കരയില്‍ താല്‍ക്കാലിക തോട് നിര്‍മിച്ച് മലവെള്ളത്തെ ഗതി തിരിച്ചുവിടുകയായിരുന്നു. വായാന്തോട്-കാര റോഡിന്‍െറ നവീകരണത്തിന് 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പ്രവൃത്തി മന്ദീഭവിക്കുകയായിരുന്നു. മുറിച്ചിട്ട കൂറ്റന്‍ മരത്തിന്‍െറ കുറ്റികള്‍ പോലും റോഡരികില്‍ നിന്നു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. റോഡു നവീകരണ കരാറുകാര്‍ മരക്കുറ്റികള്‍ ഓരോ വശത്തുനിന്നും നീക്കി റോഡ് നവീകരിച്ച് മരക്കുറ്റികള്‍ വീണ്ടും യഥാസ്ഥാനത്ത് വെക്കുകയാണ് ചെയ്യുന്നത്. പൈപ്പ് പൊട്ടി പലസ്ഥലത്തും വെള്ളം പാഴാകുന്ന വിവരം അറിയിച്ചിട്ടും പൈപ്പുകള്‍ മാറ്റിസ്ഥാപിച്ച് സഹകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയും തയാറാകുന്നില്ല. തടസ്സങ്ങള്‍ തുടരെയുണ്ടാകുമ്പോഴും നിര്‍മാണം പുരോഗമിക്കുന്ന റോഡിന്‍െറ ടാറിങ് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.