വരള്‍ച്ച: ജലക്ഷാമം നേരിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കണ്ണൂര്‍: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓരോ ജില്ലയും കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ ജലക്ഷാമം നേരിടുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കാനാണ് നിര്‍ദേശം. ജല ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുകയെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ജലം കുടിവെള്ളമായി ഉപയോഗിക്കാനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതുകഴിഞ്ഞ് വീട്ടാവശ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍, കൃഷി, വ്യവസായം എന്നിങ്ങനെയായിരിക്കണം മുന്‍ഗണനാക്രമം. വ്യവസായശാലകള്‍ ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറക്കണം. കുടിവെള്ളമുപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതും മറ്റും പൂര്‍ണമായും ഒഴിവാക്കണം. വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച വെള്ളം ചെടിനനക്കാനും മറ്റും ഉപയോഗപ്പെടുത്തി ജലത്തിന്‍െറ പുനരുപയോഗം പ്രോത്സാഹിപ്പിക്കണം. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. തുലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ പൂര്‍ണമായും ഭൂമിയിലേക്ക് ഇറക്കാന്‍ കൊത്തിക്കിള ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ജലക്ഷാമം നേരിടാനിടയുള്ള എല്ലാ വാര്‍ഡുകളിലും ശുദ്ധജല കിയോസ്ക്കുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനവുമായി ആലോചിച്ച് ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് ഇവിടേക്കുള്ള വെള്ളമത്തെിക്കും. അനിവാര്യഘട്ടങ്ങളില്‍ മാത്രമായി ടാങ്കര്‍ ലോറികളുടെ സേവനം പരിമിതപ്പെടുത്തും. കൃത്യമായി ജലവിതരണം നടക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിന്‍െറ ഭാഗമായി ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കും. പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നിലവിലെ ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയാന്‍ സംവിധാനമൊരുക്കും. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്രോതസ്സുകളില്‍ മലിനീകരണമില്ളെന്നും ജലം ഉപയോഗയോഗ്യമാണെന്നും ജല അതോറിറ്റിയോ ഭക്ഷ്യസുരക്ഷാ വകുപ്പോ സാക്ഷ്യപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള പ്രധാന ചുമതല. അവരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയും ചെക്ഡാമുകള്‍ നിര്‍മിക്കുകയും കനാലുകളും കുളങ്ങളും വൃത്തിയാക്കുകയും വേണം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജലസംഭരണികള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യജീവികള്‍ക്കും ആവശ്യമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണം. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജല ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തും. ഇതിന്‍െറ ഭാഗമായി സ്കൂളുകളില്‍ പ്രത്യേക അസംബ്ളി വിളിച്ച് ഇതേക്കുറിച്ച് വിശദീകരിക്കും. വരള്‍ച്ചാ മുന്നൊരുക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ല കലക്ടര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.