അധ്യാപികയായ പ്രതിക്ക് തടവും പിഴയും

ചക്കരക്കല്ല്: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ അധ്യാപികയായ പ്രതിക്ക് മൂന്നുമാസം തടവും 50,000 രൂപ പിഴയും. പെരളശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സി. പ്രജിതക്കാണ് തലശ്ശേരി സി.ജെ.എം കോടതി ശിക്ഷ വിധിച്ചത്. 2013 മാര്‍ച്ച് 15ന് പുലര്‍ച്ചെ 5.45ന് കണയന്നൂര്‍ സ്കൂള്‍ അധ്യാപികയായിരുന്ന പി. രമാവതി മറ്റു മൂന്നുപേരൊന്നിച്ച് കൊപ്രക്കളംമെട്ടയില്‍നിന്ന് ചക്കരക്കല്ല് ഭാഗത്തേക്ക് നടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗതയില്‍ വന്ന കാറിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. പാനേരിച്ചാലിലെ പ്രജിത ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്. തലശ്ശേരി സി.ജെ.എം കോടതിയാണ് പ്രജിതക്ക് ഐ.പി.സി 279 പ്രകാരം ഒരുമാസം തടവിനും 304 എ വകുപ്പുപ്രകാരം രണ്ടുമാസം തടവിനും സി.ആര്‍.പി.സി 357 (3) വകുപ്പുപ്രകാരം രമാവതി ടീച്ചറുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനുമായി ശിക്ഷ വിധിച്ചത്. നഷ്ടപരിഹാരം നല്‍കിയില്ളെങ്കില്‍ 15 ദിവസംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രമാവതി ടീച്ചറുടെ ഭര്‍ത്താവ് ജനാര്‍ദനന്‍, മക്കള്‍ ശ്രുതി, ഹൃദ്യ, അമ്മ കൗസല്യ എന്നിവര്‍ക്ക് തലശ്ശേരി എം.എ.സി.ടി കോടതി നഷ്ടപരിഹാര കേസില്‍ കോടതിചെലവും പലിശയുമടക്കം 63 ലക്ഷം രൂപ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചുകൊണ്ട് 2016 ജൂണ്‍ 30ന് വിധി പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.