കണ്ണൂര്‍ വിമാനത്താവളം : തൊഴില്‍ വാഗ്ദാനം നടപ്പായില്ല; വീട് നഷ്ടപ്പെട്ടവര്‍ കോടതിയിലേക്ക്

മട്ടന്നൂര്‍: വീട് നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തിന് പാക്കേജ് പ്രകാരം യോഗ്യതയുണ്ടായിട്ടും തൊഴില്‍ ലഭിച്ചില്ളെന്നു പരാതി. ഇതത്തേുടര്‍ന്ന് കോടതിയെ സമീപിക്കാനും കിയാല്‍ ഓഫിസ് ഉപരോധിക്കാനും ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ ഒരുങ്ങുന്നു. വീട് നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒഴിവുവരുന്ന തസ്തികകളില്‍ യോഗ്യതക്കനുസരിച്ച് നിയമനം നല്‍കുമെന്ന് 2008ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് കുടിയിറക്കുവിരുദ്ധ കര്‍മസമിതി സമരത്തില്‍ അയവു വരുത്തിയതും വിമാനത്താവളത്തിനായി രണ്ടാം ഘട്ടത്തില്‍ നാട്ടുകാര്‍ വീടും സ്ഥലവും വിട്ടുകൊടുത്തതും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 110 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍, വീട് നഷ്ടപ്പെട്ട കുടുംബങ്ങളില്‍നിന്ന് അറ്റന്‍ഡര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഒമ്പതുപേരെ ക്ഷണിച്ചിരുന്നു. ഒമ്പതുപേരെ മാത്രം ക്ഷണിച്ചതില്‍ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വിജ്ഞാപനം പുതുതായിവന്ന ഇടതുമുന്നണി സര്‍ക്കാര്‍ റദ്ദാക്കുകയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ജനറല്‍ വിഭാഗത്തില്‍ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ജനറല്‍ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷാ ഫോറത്തില്‍ വിമാനത്താവളത്തിനായി വീട് നഷ്ടപ്പെട്ടുവോ എന്ന കോളം ഉണ്ടായിരുന്നു. ഭൂമിയുടെ സര്‍വേ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം വീട് നഷ്ടപ്പെട്ടുവെന്നതിനുള്ള രേഖ, തൊഴില്‍ ശിപാര്‍ശക്ക് കുടുംബനാഥന്‍െറ അഫിഡവിറ്റ് എന്നിവയും നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ അപേക്ഷിച്ച യോഗ്യതയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പരീക്ഷകള്‍ കഴിഞ്ഞ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായത് വീട് നഷ്ടപ്പെട്ട ആര്‍ക്കും തൊഴില്‍ ലഭിച്ചില്ളെന്നാണ്. തുടര്‍ന്നാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ വഞ്ചിച്ചെന്നാരോപിച്ച് കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാനും കിയാല്‍ ഓഫിസ് ഉപരോധം നടത്താനും ഒരുങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ച് കിയാല്‍ ബുധനാഴ്ച വൈകി വാര്‍ത്താക്കുറിപ്പ് ഇറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.