തരംതാഴ്ത്തല്‍ നടപടി: സി.പി.എമ്മില്‍ ‘തിമിരി’ പുകയുന്നു; നടപടി ഉള്‍ക്കൊള്ളാതെ അണികള്‍

ചെറുവത്തൂര്‍: ജില്ല കമ്മിറ്റിയംഗം വി.പി. ജാനകിയുള്‍പ്പെടെയുള്ളവരെ തരംതാഴ്ത്തിയ നടപടി സി.പി.എമ്മിന്‍െറ ശക്തികേന്ദ്രമായ തിമിരിയില്‍ പുകയുന്നു. നടപടിയില്‍ രോഷം കൊള്ളാതെ, സംയമനത്തിന്‍െറ വഴിയിലാണ് നടപടിക്ക് വിധേയരായവര്‍ നിലവില്‍ നിലകൊള്ളുന്നത്. എന്നാല്‍, തരംതാഴ്ത്തപ്പെട്ട തലത്തില്‍ പ്രവര്‍ത്തിക്കാന്‍ നടപടിക്ക് വിധേയരായവര്‍ തീരുമാനിച്ചിട്ടില്ളെന്നാണ് സൂചന. അപകടം മണത്ത ജില്ല നേതൃത്വം തിമിരി ലോക്കലിലെ എല്ലാ ബ്രാഞ്ചുകളിലും അടിയന്തര ബ്രാഞ്ച് യോഗങ്ങള്‍ വിളിക്കാനും നടപടി ബോധ്യപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. തിമിരി ലോക്കല്‍ കമ്മിറ്റിയിലെ 17 ബ്രാഞ്ചുകളിലാണ് യോഗങ്ങള്‍ നടക്കുന്നത്. ജില്ല കമ്മിറ്റി അംഗങ്ങളാണ് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചത്. തിങ്കളാഴ്ച നടന്ന യോഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ജില്ല കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ ഉയര്‍ന്നത്. ഏകപക്ഷീയ തീരുമാനം ജില്ല കമ്മിറ്റി എടുത്തത് ശരിയായില്ളെന്ന് ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളും ഉന്നയിച്ചു. നടപടി ശരിയായില്ളെന്നുകാണിച്ച് കണ്‍ട്രോള്‍ കമീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നടപടിക്ക് വിധേയരായവര്‍. നേതാക്കള്‍ക്കെതിരെയുള്ള നടപടിയെ തുടര്‍ന്ന് വിഭാഗീയത മൂര്‍ച്ഛിക്കുമോയെന്ന ആശങ്ക ജില്ല നേതൃത്വത്തിനുണ്ട്. ഇത് ഇല്ലാതാക്കാനാണ് ബ്രാഞ്ച് യോഗങ്ങള്‍ വേഗത്തില്‍ വിളിക്കാന്‍ തുടങ്ങിയത്. ജില്ല കമ്മിറ്റി അംഗം വി.പി. ജാനകിയെ ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയിലേക്കും ഏരിയ കമ്മിറ്റി അംഗം എം. അമ്പൂഞ്ഞിയെ തിമിരി ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തുകയാണുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ക്ക് അനഭിമതനായ ആളെ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി മെംബര്‍മാരും കുടുംബങ്ങളും എതിര്‍ത്തിട്ടും ഇദ്ദേഹത്തെ മാറ്റാന്‍ നേതൃത്വം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് ഇടതുകോട്ടയില്‍ ആദ്യമായി സി.പി.എം സ്ഥാനാര്‍ഥിക്ക് പരാജയപ്പെടേണ്ടിവന്നത്. വി.പി. ജാനകി അടക്കമുള്ളവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചില്ളെന്ന കാരണത്താലാണ് ഇവരെ തരംതാഴ്ത്താന്‍ നേതൃത്വം തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.