തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം അന്തിമഘട്ടത്തില്‍

തൃക്കരിപ്പൂര്‍: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ബ്ളോക്ക്് പഞ്ചായത്ത് നിര്‍മിക്കുന്ന തങ്കയത്തെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി സമുച്ചയത്തിന്‍െറ പ്രധാന കെട്ടിടം പണിയുടെ സിവില്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കി. 18 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെട്ടിടം നിശ്ചിത സമയത്തിനു മുമ്പേയാണ് പൂര്‍ത്തീകരിച്ചത്. കെട്ടിടത്തിന് 1.61 കോടി രൂപയും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം രൂപയുമാണ് നബാര്‍ഡ് സ്കീമില്‍ അനുവദിച്ചത്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ജില്ലയില്‍ അനുവദിച്ച 200 കോടി രൂപയില്‍ ഉള്‍പ്പെട്ടതാണ് താലൂക്ക് ആശുപത്രി കെട്ടിടം. 3448 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. 50 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സംവിധാനമുണ്ടാകും. നാല് പരിശോധനാ മുറികള്‍, ഫാര്‍മസി, ഓപറേഷന്‍ തിയറ്റര്‍, പാലിയേറ്റിവ് കെയര്‍ കൗണ്‍സലിങ് ഹാള്‍, കമ്പ്യൂട്ടറൈസ്ഡ് ഒ.പി കൗണ്ടര്‍ എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കുന്നത്. സ്കാനിങ്, എക്സ്റേ, ഫിസിയോതെറപ്പി, കേള്‍വിക്കുറവും സംസാര വൈകല്യവും മുന്‍കൂട്ടി അറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള തെറപ്പി സെന്‍റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കും. അതേസമയം, താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടാവുന്നത്. ജനറല്‍ മെഡിസിന്‍ മുതല്‍ ഇ.എന്‍.ടി വരെയുള്ള ചികിത്സ ലഭ്യമായതോടെയാണ് സ്ഥലപരിമിതിയിലും അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശുപത്രിയിലെ ത്തുന്നത്. അനസ്തറ്റിസ്റ്റിന്‍െറ കുറവുണ്ടെങ്കിലും ഇ.എന്‍.ടി ശസ്ത്രക്രിയകള്‍ വരെ ആശുപത്രിയില്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ദന്തരോഗ വിഭാഗത്തിലും കണ്ണുരോഗ വിഭാഗത്തിലും നിരവധി പേര്‍ ചികത്സക്ക് എത്തുന്നുണ്ട്. അഞ്ചുരൂപ നിരക്കിലാണ് ഇവിടെ ദന്ത വിഭാഗത്തില്‍ പല്ല് നീക്കം ചെയ്യുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഒഴിവ് നികത്താത്തത് മാത്രമാണ് അപവാദം. ഇവിടേക്ക് നിയമിച്ച വനിതാ ഡോക്ടര്‍മാര്‍ സ്ഥലം മാറ്റം വാങ്ങി പോയതോടെയാണ് ആളില്ലാതായത്. സ്ത്രീരോഗ വിദഗ്ധരുടെ സേവനം രാത്രിയില്‍ ലഭിക്കാത്തതും പ്രതിസന്ധിയാണ്. അടുത്തിടെ ആരംഭിച്ച അര്‍ബുദ നിര്‍ണയ ക്യാമ്പ് ആഴ്ച തോറും നടക്കുന്നുണ്ട്. ചൊവ്വാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12 വരെ അര്‍ബുദ നിര്‍ണയ ക്യാമ്പ് ഉണ്ടാകും. ഇപ്പോഴുള്ള 30 ഓളം കിടക്കകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഐ.സി.യുവില്‍ പോലും രോഗികളെ കിടത്തേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫ്രീസര്‍ സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.