പ്ളാസ്റ്റിക് മുക്ത പരിപാടിക്ക് പൊതുജനത്തിന്‍െറ പോസിറ്റീവ് ക്ളിക്

കണ്ണൂര്‍: പ്ളാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിനിനോട് പൊതുജനത്തിന്‍െറ പ്രതികരണം പോസിറ്റീവായപ്പോള്‍ വിറ്റഴിഞ്ഞത് കാല്‍ലക്ഷത്തോളം രൂപയുടെ കൈത്തറി കാരിബാഗുകള്‍. ഏപ്രില്‍ രണ്ടിനകം ജില്ലയെ പ്ളാസ്റ്റിക് കാരിബാഗ് രഹിത ജില്ലയാക്കുന്നതിനുള്ള ‘പ്ളാസ്റ്റിക് ഫ്രീ കണ്ണൂര്‍-നല്ല നാട് നല്ല മണ്ണ്’ കാമ്പയിന്‍െറ ഭാഗമായാണ് കൈത്തറി കാരിബാഗ് വില്‍പനപരിപാടി സംഘടിപ്പിച്ചത്. പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം കൈത്തറി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോടെ കൈത്തറിമേഖലയുടെ പുനരുജ്ജീവനത്തിനും പുതിയ പദ്ധതി വഴിയൊരുക്കും. ഇരിണാവ്, കല്യാശ്ശേരി വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റികള്‍ നിര്‍മിച്ച കൈത്തറി തുണി ബാഗുകളാണ് ചൊവ്വാഴ്ച കലക്ടറേറ്റില്‍ വില്‍പന നടത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഞ്ചിയായും ഷോള്‍ഡര്‍ ബാഗായും ബാക്ക്പാക്കായും ഉപയോഗിക്കാവുന്നതാണ് ഇരിണാവ് വീവേഴ്സ് സൊസൈറ്റിയുടെ 80 രൂപ വിലയുള്ള ബാഗ്. പൗച്ച് പോലെ കൊണ്ടുനടക്കാവുന്ന കൈത്തറി ബാഗിന് 70 രൂപയാണ് വില. കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി നിര്‍മിച്ച 100 രൂപയുടെ ബാഗിന് 20 കിലോഗ്രാം വരെ സാധനങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ട്. 40 രൂപ വിലവരുന്ന ചെറിയ ബാഗും ഇവരുടേതായുണ്ട്. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ഈ ബാഗുകളിലെല്ലാം ‘വി ആര്‍ കണ്ണൂര്‍’ ലോഗോ മുദ്രണം ചെയ്തിട്ടുണ്ട്. ആകെ 20,300 രൂപയുടെ ബാഗുകളാണ് ഇന്നലെ വിറ്റഴിഞ്ഞതെന്ന് ഇരിണാവ് വീവേഴ്സ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റിയുടെ വൈശാഖ് എന്നിവര്‍ അറിയിച്ചു. പ്ളാസ്റ്റിക് ബാഗുകള്‍ക്കു പകരം കൈത്തറി ബാഗുകളുമായി ഷോപ്പിങ്ങിനു പോകുന്ന രീതി ഓരോരുത്തരും സ്വീകരിച്ചാല്‍ പ്ളാസ്റ്റിക് മാലിന്യത്തില്‍നിന്ന് ഒരുപരിധിവരെ രക്ഷനേടാന്‍ സാധിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പാര്‍സല്‍ വാങ്ങാന്‍ ടിഫിന്‍ ബോക്സുമായി വരുന്നവര്‍ക്ക് വിലയില്‍ 10 ശതമാനം കുറവ് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സേവനം ലഭിക്കുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിലും ഇരിണാവ്, കല്യാശ്ശേരി സൊസൈറ്റി കേന്ദ്രങ്ങളില്‍ ബാഗുകള്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 0497-2867537, 9847597468 (ഇരിണാവ് വീവേഴ്സ്), 0497-2780726, 8547052726 (കല്യാശ്ശേരി വീവേഴ്സ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.