പി.എച്ച്.സികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും –മന്ത്രി കെ.കെ. ശൈലജ

കണ്ണൂര്‍: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മന്ത്രി. ഓരോ ഗ്രാമത്തെയും കേന്ദ്രീകരിച്ച് അവിടെയുള്ള രോഗത്തിന്‍െറ അളവ് കുറച്ചു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. മലയോര മേഖലക്കാണ് ആദ്യ പരിഗണന. ഇതിലൂടെ ആരോഗ്യ വകുപ്പു ജനങ്ങളും തമ്മില്‍ ബന്ധമുണ്ടാക്കിയെടുക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പശ്ചാത്തല സൗകര്യവും സ്റ്റാഫ് സൗകര്യവും വേണം. ഇതൊന്നുമില്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതിനെ കുറിച്ച് നല്ല പഠനം ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിനെ കൂടുതല്‍ ശക്തമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. സ്വകാര്യ സ്ഥാപനങ്ങളെ പൂര്‍ണമായും ആരോഗ്യ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനതാല്‍പര്യം സൃഷ്ടിച്ചെടുക്കുകയെന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. പകര്‍ച്ചവ്യാധികളില്ലാത്ത മഴക്കാലം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആരോഗ്യവകുപ്പ് മുന്നോട്ട് നീങ്ങുന്നത്. എല്ലാ ആശുപത്രികളിലും മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയെ ജനകീയവും പരിഷ്കൃതവുമാക്കിയെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത് സ്വാഗതവും ജോ. സെക്രട്ടറി സി.വി. സാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.