കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോം നവീകരണത്തിനും രണ്ടാം കവാടത്തില്‍ ടിക്കറ്റ് സ്റ്റേഷനു മുന്നിലെ നിലം ടൈല്‍ പാകുന്നതിനുമായി രണ്ടു കോടി രൂപ അനുവദിച്ചു. സ്റ്റേഷന്‍ നവീകരണത്തിനായി നല്‍കിയ വിവിധ പദ്ധതികള്‍ അംഗീകരിച്ചാണ് തുക അനുവദിച്ചത്. റെയില്‍വേ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകളാണ് നവീകരിക്കുക.സതേണ്‍ റെയില്‍വേക്ക് വലിയ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണ് കണ്ണൂര്‍. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല. ഏറെ ട്രെയിനുകള്‍ വന്നുപോകുന്ന രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞും ഇളകിയും അപകടമുണ്ടാക്കുന്ന അവസ്ഥയിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്ന് എം.പി പി.കെ. ശ്രീമതി ആവശ്യപ്പെട്ടിരുന്നു. രണ്ടാം കവാടത്തില്‍ വാഹനങ്ങള്‍ കടന്നു വരുന്ന ഭാഗം ടൈല്‍ പാകണമെന്നും നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നു. രണ്ടാം കവാടം ആരംഭിച്ചതിനു ശേഷം യാത്രക്കാരില്‍ അധികം പേരും എത്തുന്നത് ഇതു വഴിയാണ്. റോഡ് വീതി കൂട്ടി ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും ടിക്കറ്റ് സ്റ്റേഷനു മുന്നിലെ നിലം ടൈല്‍ പാകാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. മഴക്കാലത്ത്് ചളിയും വെള്ളവും നിറഞ്ഞ് യാത്രക്കാര്‍ നടന്നുപോകാന്‍ പറ്റാത്ത വിധത്തിലാവും ഇവിടം. ഫണ്ട് അനുവദിച്ച സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്‍പു തന്നെ പ്രവൃത്തി ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.