സത്യപ്രതിജ്ഞ: ആവേശത്തിരയായി ആഹ്ളാദം

കണ്ണൂര്‍: വിജയ ചരിത്രമെഴുതിയ പിണറായിയുടെ പുതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ ആഹ്ളാദവും സന്തോഷവും ജില്ലയില്‍ ആവേശത്തിമിര്‍പ്പായി. നാടെങ്ങും സി.പി.എം-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സത്യപ്രതിജ്ഞയുടെ ആഹ്ളാദം പങ്കിട്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ ആവേശമാണ് പകര്‍ന്നത്. ടി.വിയിലൂടെ സത്യപ്രതിജ്ഞ കാണാന്‍ വായനശാലകളും പാര്‍ട്ടി ഓഫിസുകളുമടക്കമുള്ള സ്ഥാപനങ്ങളില്‍ വന്‍ ജനത്തിരക്കായിരുന്നു. കണ്ണൂരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പരിസരത്ത് ബിഗ് സ്ക്രീന്‍ സംവിധാനമാണ് ഒരുക്കിയത്. നാലു മണിയോടെ വന്‍ ജനാവലിയാണ് ലൈബ്രറി കൗണ്‍സില്‍ പരിസരത്ത് തടിച്ചുകൂടിയത്. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പായസം, ലഡു വിതരണം, വെടിക്കെട്ട് എന്നിവ നടന്നു. പിണറായിയടക്കം ധര്‍മടം മണ്ഡലത്തില്‍ മുഴുക്കെ ഉത്സവ പ്രതീതിയായിരുന്നു. പായസം, ബിരിയാണി വിതരണം, സദ്യ എന്നിവയുണ്ടായി. പാറപ്രത്ത് 2000ത്തോളം പേര്‍ക്കാണ് ബിരിയാണി നല്‍കിയത്. സ്ത്രീകളും കുട്ടികളുമടക്കം സദ്യ ഒരുക്കുന്നതിലും മറ്റും പങ്കാളികളായി. പലയിടത്തും രാവിലെയും വൈകീട്ടും ഭക്ഷ്യ വിതരണമുണ്ടായി. ചെണ്ടവാദ്യ മേളങ്ങളോടെ ഘോഷയാത്രയും വിവിധ കേന്ദ്രങ്ങളില്‍ നടത്തി. മലയോരത്തും വന്‍ ആഹ്ളാദത്തിമിര്‍പ്പായിരുന്നു. പുതിയതെരു: പുതിയതെരു കാഞ്ഞിരത്തറയില്‍ പുഴാതി സെന്‍ട്രല്‍ യു.പി സ്കൂളിനു സമീപം കൃഷ്ണപിള്ള മന്ദിരത്തില്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനോടനുബന്ധിച്ച് മധുര വിതരണം നടത്തി. പാപ്പിനിശ്ശേരി: പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണം ഇടത് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മാങ്ങാട്, കല്യാശ്ശേരി, കീച്ചേരി, വേളാപുരം, പാപ്പിനിശ്ശേരി പഞ്ചായത്ത്, കോലത്തവയല്‍, ഇരിണാവ് റോഡ്, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ പായസ ദാനവും ലഡു വിതരണവും നടന്നു. പ്രവര്‍ത്തകര്‍ ഓരോ ഭാഗങ്ങളിലും സംഘടിച്ച് ഉച്ചയോടെ തന്നെ പായസങ്ങള്‍ തയാറാക്കി വിതരണം തുടങ്ങിയിരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന നാലുമണിക്ക് പടക്കങ്ങള്‍ പൊട്ടിച്ച് നാടെങ്ങും അണികള്‍ ഉത്സവച്ഛായയിലാക്കി. കൂത്തുപറമ്പ്: പിണറായി വിജയന്‍െറ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറുന്നത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമാണ് ആളുകള്‍ ആഘോഷത്തില്‍ പങ്കാളികളായത്. മുഖ്യമന്ത്രിയുടെ ജന്മഗ്രാമമായ പിണറായി, പാറപ്രം മേഖലകളില്‍ ഉത്സവാന്തരീക്ഷത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. വൈകീട്ട് നാലോടെ തന്നെ പല സ്ഥലങ്ങളിലും ബിഗ്സ്ക്രീനുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. പിണറായി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1500ഓളം പേര്‍ക്ക് ഭക്ഷണം നല്‍കിയാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും വാഹനയാത്രക്കാര്‍ക്ക് മധുരം നല്‍കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കിയ പിണറായി പാറപ്രത്തിന്‍െറ മണ്ണില്‍നിന്നും ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തത്തെിയ പിണറായി വിജയന്‍ സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ കാത്തിരിക്കയാണ് നാട്ടുകാര്‍. ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസായ കാവുമ്പായി മന്ദിരത്തില്‍ വലിയ ടെലിവിഷനും റോഡരികില്‍ കൂറ്റന്‍ ബോക്സുകളും സ്ഥാപിച്ച് സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ അവസരമൊരുക്കി. ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, അഡ്വ. എം.സി. രാഘവന്‍, കെ.വി. ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തി. ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, മലപ്പട്ടം, കാഞ്ഞിലേരി, കുടിയാന്മല, ചന്ദനക്കാംപാറ, ചുഴലി, കൊളത്തൂര്‍, കുറുമാത്തൂര്‍ എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.