ജില്ലയുടെ സ്വന്തം മന്ത്രി; പ്രതീക്ഷയോടെ കായിക മേഖല

കണ്ണൂര്‍: ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് കുതിപ്പായി സ്വന്തം മന്ത്രി. വ്യവസായ വകുപ്പിനൊപ്പം കായിക വകുപ്പുകൂടി ഇ.പി. ജയരാജന് ലഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ് കായിക പ്രേമികളും താരങ്ങളും കാണുന്നത്. ഒട്ടേറെ പ്രതിഭകള്‍ ഉയര്‍ന്നു വന്ന മണ്ണാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലടക്കം അധികൃതര്‍ മടികാണിച്ചതോടെ പിന്നോട്ടുപോയ ജില്ലയാണ് കണ്ണൂര്‍. അത്ലറ്റിക്സിലും ഫുട്ബാളിലും ദേശീയ ജഴ്സിയണിഞ്ഞവരുടെ നീണ്ട നിരയുണ്ട് കണ്ണൂരിന്. എന്നാല്‍, ഇവരെ പിന്തുടരുന്ന തലമുറയെ അന്വേഷിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളത്. ജില്ലയെ ഏറെ അടുത്തറിയുന്നയാള്‍ മന്ത്രിയായതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ശ്രദ്ധ വേണ്ടത്, ദേശീയ ഗെയിംസ് സമ്മാനമായി ലഭിച്ച മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ വിപുലീകരണത്തിനാണ്. ജില്ലയുടെ അഭിമാനസ്തംഭമാണ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം. ദേശീയ ഗെയിംസിനായി ബൃഹത്തായ സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കാനായിരുന്നു പദ്ധതി. സ്പോര്‍ട്സ് ഹോസ്റ്റലും, ജിംനേഷ്യവും പരിശീലകര്‍ക്കും ഒഫിഷ്യലുകള്‍ക്കുമുള്ള താമസസൗകര്യവുമടങ്ങുന്ന സംവിധാനങ്ങളായിരുന്നു ഇതിന് നിഷ്കര്‍ഷിച്ചിരുന്നത്. ശീതീകരണ സൗകര്യമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയമായിരുന്നു പദ്ധതിയിലുള്‍പ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് പദ്ധതി വെട്ടിച്ചുരുക്കുകയായിരുന്നു. മുണ്ടയാട്ടെ, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മിനി സ്പോര്‍ട്സ് സിറ്റിയായി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തെ മാറ്റണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. ആര്‍ച്ചറി, കബഡി, സിമ്മിങ് തുടങ്ങിയ കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കണം. ഇതോടൊപ്പം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്്സ് ഹോസ്റ്റലും ആരംഭിക്കണം. ഫുട്്ബാള്‍, വോളിബാള്‍, റെസലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള താരങ്ങള്‍ക്ക് ആവശ്യത്തിന് പരിശീലന സൗകര്യം പോലുമില്ല. കേന്ദ്രീകൃത ഹോസ്റ്റല്‍ ഒരുക്കുകയാണെങ്കില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ സൗകര്യം ഈ താരങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും. മുണ്ടയാട്ടെ സ്ഥല സൗകര്യം ഉപയോഗപ്പെടുത്തി മുന്‍വശത്ത് ഷോപ്പിങ് കോംപ്ളക്സ് ഒരുക്കുന്നതിനും പിന്‍ഭാഗത്ത് പരിശീലകര്‍ക്ക് താമസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതി തയാറാക്കാന്‍ ആവശ്യപ്പെടുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് പി. ഷാഹിന്‍ പറയുന്നു. തകര്‍ന്നു കിടക്കുന്ന ജവഹര്‍ സ്റ്റേഡിയം നവീകരണത്തിനും മന്ത്രി അടിയന്തരമായി ഇടപെടണം. നിരവധി ദേശീയ , അന്തര്‍ദേശീയ ടൂര്‍ണമെന്‍റുകള്‍ക്കും മത്സരങ്ങള്‍ക്കും വേദിയായ ജവഹര്‍ സ്്റ്റേഡിയത്തിന്‍െറ നിലവിലെ അവസ്ഥ പരിതാപകരമാണ്. ചരലുകള്‍ നിറഞ്ഞ പരുക്കന്‍ പ്രതലത്തിലാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ പരിശീലനം നടത്തുന്നത്. സ്റ്റേഡിയത്തിന്‍െറ ഗാലറികള്‍ തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജില്ലാ ലീഗ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണിത്. നിലവാരമില്ലാത്ത സ്റ്റേഡിയവും പ്രതലവും കളിക്കാരെയും കളിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കോര്‍പറേഷന്‍െറ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പുതിയ പ്രതലമെങ്കിലും അടിയന്തരമായി നിര്‍മിക്കണമെന്നാണ് ആവശ്യം. കക്കാട് സ്വമ്മിങ്പൂളും മോചനം കാത്തു കഴിയുകയാണ്. നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഈ സ്വിമ്മിങ്ങ് പൂളിന്‍െറ പ്രവര്‍ത്തനം താരങ്ങളെ തുണച്ചിട്ടില്ല. ഇതിനോട് ചേര്‍ന്നുള്ള 1.20 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത്, കക്കാട് പുഴയെ നിലനിര്‍ത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നീന്തല്‍ താരങ്ങളെ തുണക്കുന്ന രീതിയിലേക്ക് മാറ്റാനാവും. നേട്ടങ്ങളുടെ ട്രാക്കില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ സ്കൂളിനും പുതിയ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുണ്ട്. അത്ലറ്റിക്സിന് ഒരു പരിശീലകന്‍ മാത്രമാണ് ഇവിടെയുള്ളത്. ആവശ്യമായ പരിശീലകരെ നിയമിക്കുകയും ഹോസ്റ്റലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ കുട്ടികളില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാനാവുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.