പ്ളസ് വണ്‍ സീറ്റ് ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്താകും

കണ്ണൂര്‍: പ്ളസ് വണ്‍ പ്രവേശത്തിന് കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചില്ളെങ്കില്‍ ജില്ലയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പുറത്താകും. പ്രതിവര്‍ഷം പത്തുശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാറുണ്ട്. ഈരീതി തുടര്‍ന്നാല്‍ കുറച്ചു പേര്‍ക്കെങ്കിലും ആശ്വാസമാകും. ഏകജാലകംവഴി പ്രവേശ നടപടികള്‍ ആരംഭിച്ചതോടെ നിലവിലുള്ള സീറ്റിനേക്കാള്‍ കൂടുതല്‍പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മേയ് 31വരെ അപേക്ഷിക്കാമെന്നിരിക്കേ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം ഇനിയും ഉയരും. വരുന്ന അധ്യയന വര്‍ഷത്തില്‍ 27258 പ്ളസ്വണ്‍ സീറ്റുകളാണ് ജില്ലയിലുള്ളത്. എന്നാല്‍, പ്ളസ്വണ്‍ പ്രവേശത്തിന് അര്‍ഹത നേടിയത് 36523 കുട്ടികളും. ജില്ലയിലെ കുട്ടികള്‍ക്കു പുറമെ സമീപ ജില്ലയില്‍ നിന്നുള്ള കുട്ടികളും ജില്ലയിലെ സ്കൂളുകളില്‍ പ്രവേശത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതോടെ സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പതിനായിരത്തോളം വിദ്യാര്‍ഥികള്‍. 160 സ്കൂളുകളിലായി ജില്ലയില്‍ ആകെ 546 പ്ളസ് വണ്‍ ബാച്ചുകളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 261 സയന്‍സ് ബാച്ചുകളും, 112 ഹ്യൂമാനിറ്റീസ് ബാച്ചുകളും 173 കോമേഴ്സ് ബാച്ചുകളുമാണുള്ളത്. 27258 സീറ്റുകളില്‍ 13036 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലാണ്. ഇതില്‍ 6600 സീറ്റുകള്‍ സയന്‍സ് ബാച്ചിനും 5586 സീറ്റുകള്‍ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്കും 8636 സീറ്റുകള്‍ കോമേഴ്സ് വിഷയങ്ങള്‍ക്കുമാണുള്ളത്. 80 സര്‍ക്കാര്‍ സ്കൂളുകളിലാണ് പ്ളസ് ടു ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന ജില്ലയെന്ന നിലയില്‍ കൂടുതല്‍ പ്ളസ്ടു സീറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യമുണ്ടായിരുന്നുവെങ്കിലും പത്താം തരത്തില്‍ നിന്നും വിജയിക്കുന്നവര്‍ക്ക് ആനുപാതികമായ സീറ്റുകള്‍ അനുവദിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.