അഴീക്കോട്ടെ എല്‍.ഡി.എഫ് തോല്‍വി: ഞെക്കിപ്പഴുപ്പിച്ച സ്ഥാനാര്‍ഥിത്വം വിനയായി

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത ഇടതുപക്ഷത്തിന് തിരിച്ചടിയായി. 1977ല്‍ നിലവില്‍ വന്നത് മുതല്‍ രണ്ടുതവണ മാത്രം നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് രംഗത്തിറക്കിയത് സി.പി.എമ്മിന്‍െറ പഴയ പടക്കുതിരയും പിന്നീട് എതിരാളിയുമായ എം.വി. രാഘവന്‍െറ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്കുമാറിനെയായിരുന്നു. സി.പി.എമ്മില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സി.എം.പി രൂപവത്കരിച്ചശേഷം 1987ല്‍ യു.ഡി.എഫ് പിന്തുണയോടെ അഴീക്കോട്ട് മത്സരിച്ച എം.വി. രാഘവന്‍ നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനെ പരാജയപ്പെടുത്തിയാണ് ആദ്യം ഇടതുകോട്ട പിടിച്ചത്. ഇതിനുശേഷം ദീര്‍ഘകാലം എല്‍.ഡി.എഫ് മേല്‍ക്കൈ നേടിയെങ്കിലും 2011ല്‍ വയനാടന്‍ ചുരമിറങ്ങി വന്ന യൂത്ത്ലീഗ് നേതാവ് കെ.എം. ഷാജി അഴീക്കോടിനെ പച്ചപ്പട്ടണിയിച്ചു. സിറ്റിങ് എം.എല്‍.എയായ ഷാജിയെ ഇക്കുറിയും മത്സര രംഗത്തിറക്കാമെന്ന തീരുമാനം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ മുസ്ലിം ലീഗ് കൈക്കൊണ്ടത് ലീഗ് അണികളില്‍ ആവേശമുയര്‍ത്തി. നികേഷിന്‍െറ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ച ഉടന്‍തന്നെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. കൂത്തുപറമ്പ് വെടിവെപ്പില്‍ രക്തസാക്ഷികളായ അഞ്ച് സഖാക്കളോട് പാര്‍ട്ടി കാണിക്കുന്ന കടുത്ത അപരാധമാകും ഇതെന്ന് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സജീവമായി. എന്നാല്‍, ഇതെല്ലാം മറികടന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി നികേഷ്കുമാറിന്‍െറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും അണികള്‍ക്കിടയിലെ മൗനം നേതൃത്വം കണ്ടതായി നടിച്ചില്ല. ഇതിനുശേഷം നികേഷ്കുമാര്‍ പഠനകാലത്ത് കെ.എസ്.യു പാനലില്‍ മത്സരിച്ചതുള്‍പ്പെടെയുള്ള വിവരങ്ങളും എം.വി. രാഘവനോടുള്ള പാര്‍ട്ടി അണികളിലെ പ്രതിഷേധവും പുറത്തുവന്നു. എന്നാല്‍, തന്‍െറ മനസ്സ് എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി തനിക്ക് പൊക്കിള്‍ക്കൊടി ബന്ധമുണ്ടെന്നും പ്രസംഗിച്ച് നികേഷും സി.പി.എമ്മും ഇതിനെ മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിലപ്പോയില്ല. അതേസമയം, സി.പി.എം അനുഭാവികള്‍തന്നെ നികേഷിന്‍െറ പരാജയം കാണാന്‍ കൊതിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തു. പാപ്പിനിശ്ശേരി, അഴീക്കോട് മേഖലകളില്‍ നികേഷ്കുമാറിന് വോട്ട് കുറഞ്ഞതും ഇതിന്‍െറ ഭാഗമാണെന്ന് വിലയിരുത്തുന്നു. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മറികടന്നതും സ്വന്തം നിലയിലുള്ള പ്രചാരണ പരിപാടികളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായതും നികേഷിന് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.