കാലവര്‍ഷം: മുന്നൊരുക്കം നടത്താന്‍ നിര്‍ദേശം

കണ്ണൂര്‍: കാലവര്‍ഷത്തോടനുബന്ധിച്ചുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കും. മുന്‍വര്‍ഷങ്ങളില്‍ അപകടങ്ങളുണ്ടായ വില്ളേജുകളുടെ മാപ്പ് തയാറാക്കി സുരക്ഷാ നടപടികളെടുക്കണമെന്ന് റവന്യൂ അധികൃതരോട് നിര്‍ദേശിച്ചു. അപകടങ്ങളുണ്ടാകാനുള്ള കാരണങ്ങള്‍ വിലയിരുത്തി പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുനരധിവാസ കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ ഫോട്ടോയെടുത്ത് ഫയലില്‍ സൂക്ഷിക്കണം. എക്സ്കവേറ്റര്‍, ക്രെയിന്‍, ആംബുലന്‍സ്, കോണ്‍ക്രീറ്റ്-വുഡ് കട്ടിങ് മെഷീനുകള്‍ തുടങ്ങിയവയുടെ ഉടമസ്ഥര്‍, മുങ്ങല്‍ വിദഗ്ധര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചുവെക്കണം. താലൂക്ക് ഓഫിസുകളില്‍ ഇന്‍വര്‍ട്ടറുകള്‍, ടോര്‍ച്ച്, പോര്‍ട്ടബ്ള്‍ വുഡ് കട്ടര്‍ എന്നിവ വാങ്ങിവെക്കണം. കടല്‍ക്ഷോഭ സാധ്യതയുണ്ടായാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് അടിയന്തര ജാഗ്രതാനിര്‍ദേശം നല്‍കുകയും ആവശ്യമാണെങ്കില്‍ മാറ്റിപാര്‍പ്പിക്കുകയും ചെയ്യണം. രക്ഷാബോട്ടുകള്‍ സജ്ജമാക്കിവെക്കണം. 0497 2713266 എന്ന നമ്പറില്‍ കലക്ടറേറ്റിലും 0497 2732487 എന്ന നമ്പറില്‍ ഫിഷറീസ് വിഭാഗത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. മോക്ഡ്രില്ലുകള്‍ നടത്തി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഓരോ താലൂക്കിലും ഒരു അസ്കാ ലൈറ്റ് ലഭ്യമാക്കണം. മഴയോടനുബന്ധിച്ചുണ്ടാകുന്ന അപകടങ്ങളുടെ വിവരങ്ങള്‍ അതത് സമയം കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് കൈമാറാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ജാഗ്രത പാലിക്കണം. ആവശ്യമായ മരുന്നുകളുടെ കരുതലും ശേഖരണവും 24 മണിക്കൂര്‍ മെഡിക്കല്‍ സേവനവും ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഥമചികിത്സാ പരിശീലനം നല്‍കണം. സൗജന്യറേഷന്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവക്കാവശ്യമായ ഭക്ഷ്യധാന്യശേഖരം സിവില്‍ സപൈ്ളസ് വകുപ്പ് ഉറപ്പുവരുത്തണം. കാര്‍ഷികമേഖലയിലുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പിന് നിര്‍ദേശം നല്‍കി. ഉണ്ടാകുന്ന കൃഷിനാശത്തിന്‍െറ ഫോട്ടോയെടുത്ത് കൃഷിവകുപ്പ് ഫയലില്‍ സൂക്ഷിക്കണം. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ അത് പുന:സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മുന്‍വര്‍ഷങ്ങളിലുണ്ടായ ഗതാഗത തടസ്സങ്ങള്‍, അപകടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിശദമായ പരിഹാര നടപടികളുടെ പ്ളാന്‍ തയാറാക്കാന്‍ പി.ഡബ്ള്യു.ഡി റോഡ്സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശാഖകള്‍ മുറിക്കണം. ആവശ്യമായ അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് സ്ഥിരമായി നിരീക്ഷിക്കണം. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന വിദഗ്ധരുടെയും സന്നദ്ധ സംഘടനകളുടെയും ലിസ്റ്റ് തയാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി ലൈഫ് ഗാര്‍ഡുകളെ സജ്ജമാക്കി നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി. വിവിധ പ്രദേശങ്ങളിലെ ദുരന്തനിവാരണ ഉപകരണങ്ങളുടെ വിവരങ്ങള്‍ www.idrn.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ളിക്കേഷനും എസ്.എം.എസ് സംവിധാനവും ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.