യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് പരിയാരത്തിന്‍െറ പാരമ്പര്യം മാറ്റിയെഴുതി

പയ്യന്നൂര്‍: സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചായുക എന്ന പരിയാരം മെഡിക്കല്‍ കോളജിന്‍െറ നാളിതുവരെയുള്ള പാരമ്പര്യം മാറ്റിയെഴുതിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയ 2011മുതല്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം ജലരേഖയാക്കിയാണ് യു.ഡി.എഫ് ഭരണം ഒഴിയുന്നത്. 1993 മാര്‍ച്ച് 26നാണ് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന സി.എം.പി നേതാവ് എം.വി. രാഘവന്‍ പരിയാരത്ത് കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് എന്ന സൊസൈറ്റിക്ക് രൂപം നല്‍കുന്നത്. ’94 മാര്‍ച്ചില്‍ സര്‍ക്കാര്‍ 119 ഏക്കര്‍ ഭൂമി ആശുപത്രിക്ക് കൈമാറി. ഇവിടെയാണ് ഈ ആതുരാലയവുമായി ബന്ധപ്പെട്ട വിവാദത്തിനു തുടക്കം. സര്‍ക്കാര്‍ സ്ഥലവും കെട്ടിടങ്ങളും എം.വി. രാഘവന്‍െറ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിനെതിരെ സി.പി.എം സമരരംഗത്തത്തെി. സി.പി.എമ്മിന്‍െറ മുഖ്യശത്രുവായ എം.വി. രാഘവന്‍ പരിയാരത്ത് പുതിയ തട്ടകം തുറക്കുന്നത് സി.പി.എമ്മിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. സമരം കാരണം കേന്ദ്രമന്ത്രി എ.ആര്‍. ആന്തുലെക്ക് ആശുപത്രി ഉദ്ഘാടനത്തിന് ഹെലികോപ്ടറില്‍ വരേണ്ടി വന്നു. കൂത്തുപറമ്പ് വെടിവെപ്പുവരെയുള്ള സംഭവങ്ങള്‍ക്കു കാരണമായത് പരിയാരത്ത് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്വാശ്രയ മെഡിക്കല്‍ കോളജായിരുന്നു. തുടര്‍ന്ന് 1996ല്‍ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭ പരിയാരം മെഡിക്കല്‍ കോളജിന്‍െറ ഭരണം സര്‍ക്കാര്‍ മേഖലയിലാക്കി. എന്നാല്‍, 2002ല്‍ അധികാരത്തിലത്തെിയ എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കോളജ് ഭരണം എം.വി. രാഘവന്‍െറ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിക്ക് തിരിച്ചുനല്‍കി. 2007ല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് നടന്ന വിവാദമായ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഭരണം സി.പി.എം പിടിച്ചെടുത്തു. ഈ സര്‍ക്കാറിന്‍െറ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഭരണസമിതി രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പു നടത്തി. 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എം നേതാവ് എം.വി. ജയരാജന്‍ ചെയര്‍മാനാവുന്നത്. ഈ ഭരണസമിതിക്കെതിരെ പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കാതെ കീഴവഴക്കം ലംഘിച്ചുവെന്നാണ് യു.ഡി.എഫ് അണികള്‍ ആരോപിക്കുന്നത്. എന്നാല്‍, എം.വി.രാഘവന്‍ ഉള്‍പ്പെടെ കോളജ് ഭരണം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരും കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തത്തെി. ഇതംഗീകരിച്ച സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 2014 ഫെബ്രുവരി 26ന് നടന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഒരു ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് എന്ന പദ്ധതി പ്രകാരം കണ്ണൂരിന്‍െറ കോളജായി പരിയാരത്തെ മാറ്റാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷവും തീരുമാനവും പ്രഖ്യാപനവും യാഥാര്‍ഥ്യമായില്ല. ആരോഗ്യ, സഹകരണം, ധനകാര്യം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിയാരത്തത്തെി മാസങ്ങള്‍ നീണ്ട പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ആവശ്യത്തിലേറെ ജീവനക്കാരുണ്ടെന്നും ഇവരെ മുഴുവന്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാനാവില്ളെന്നുമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞത്. അതിനാല്‍, യോഗ്യതയും നിയമനം സുതാര്യമായിരുന്നുവോ എന്നും പരിശോധിച്ച് ചിലരെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഭീഷണി കൂടിയാണ് ഒഴിവായത്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളജിന് 100 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, ഹഡ്കോയില്‍ നിന്നെടുത്ത 46 കോടി രൂപ തന്നെ 700 ഓളം കോടിയായി മാറി. ഈ തുക കുറച്ചുതരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ ഹഡ്കോ ചെയര്‍മാനുമായി സംസാരിച്ചുവെങ്കിലും വഴങ്ങിയില്ല. കേന്ദ്രത്തിലെ ഭരണമാറ്റവും യു.ഡി.എഫ് സര്‍ക്കാറിന് തിരിച്ചടിയായി. ഇതോടെയാണ് ഏറ്റെടുക്കല്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയതെന്ന് സൂചനയുണ്ട്. അതേസമയം, പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് സ്വീകരിക്കുന്ന സമീപനം എന്തായിരിക്കുമെന്ന് നാട് ഉറ്റുനോക്കുകയാണ്. ഏതായാലും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നപ്രതീക്ഷക്ക് വകയില്ല. പകരം സഹകരണ മേഖലയില്‍ നിലനിര്‍ത്തി ഗ്രാന്‍റ് നല്‍കി സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായിരിക്കും പരിഗണന നല്‍കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.