മുന്‍ തലമുറയിലെ കലാകാരന്മാരുടെ ജീവിതം പഠിക്കണം –എം.എ. ബേബി

ചെറുതുരുത്തി: പുതുതലമുറയിലെ കലാകാരന്മാര്‍ പഴയകാല കലാകാരന്മാരുടെ ത്യാഗപൂര്‍ണമായ ജീവിതവഴികളും വിജയങ്ങളും കണ്ടുപഠിക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. കഥകളി ജനകീയമാക്കാന്‍ ചെറുതുരുത്തി കഥകളി സ്കൂള്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ ആര്‍ക്കും ഒന്നിനും നേരമില്ല. കുട്ടികളെ അതിവേഗം മികച്ച ഉല്‍പന്നങ്ങളാക്കി മാറ്റാനാണ് രക്ഷിതാക്കളുടെ ശ്രമം. ആ ഉല്‍പന്നം വളരെ പെട്ടെന്ന് തയാറാക്കി നല്‍കാന്‍ ഏത് ഗുരുക്കന്മാര്‍ക്ക് കഴിയുന്നുവോ അവര്‍ക്ക് എത്ര പണം നല്‍കാനും രക്ഷിതാക്കള്‍ തയാറാണ്. ഈ അവസ്ഥ മാറണം. ഇടതുമുന്നണി സര്‍ക്കാര്‍ കഥകളിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പാഠ്യപദ്ധതിക്ക് രൂപംനല്‍കുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു. പഴയ കലാമണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കഥകളിയിലെ നിത്യഹരിത നായകന്‍ കലാമണ്ഡലം ഗോപിയെ ചടങ്ങില്‍ ആദരിച്ചു. കഥകളി സ്കൂള്‍ ഏര്‍പ്പെടുത്തിയ കലാമണ്ഡലം ജയകുമാര്‍ കഥകളി പുരസ്കാരം കലാമണ്ഡലം ഗോപിക്ക് സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ദേശീയ കഥകളി മഹോത്സവം തുടങ്ങിയത്. തുടര്‍ന്ന് കലാമണ്ഡലം ശ്രീഹരിയുടെ നേതൃത്വത്തില്‍ കേളി നടന്നു. വെള്ളിനേഴി രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ കഥകളികോപ്പുകളുടെ പ്രദര്‍ശനവും ഷൊര്‍ണൂര്‍ കൃഷ്ണന്‍നായര്‍ സ്റ്റുഡിയോവിലെ തുളസിയുടെ കഥകളിയിലെ അവിസ്മരണീയ ചിത്രങ്ങളുടെ പ്രദര്‍ശനവും സെമിനാറുകളും നടന്നു. ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍െറ നേതൃത്വത്തില്‍ ചൊല്ലിയാട്ടവും കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ സുഭദ്രാഹരണം കഥകളിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.