പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം –ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കൂണുകള്‍പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊട്ടിമുളക്കുന്നത് തടയാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. വ്യക്തികളുടെ പേരില്‍ തോന്നിയതുപോലെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കാനുള്ള മൗലികാവകാശം ഭരണഘടന ആര്‍ക്കും നല്‍കിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. ‘അഴിമതിരഹിത സമൂഹവും മനുഷ്യാവകാശവും’ വിഷയത്തില്‍ ആന്‍റി കറപ്ഷന്‍ പീപ്ള്‍സ് മൂവ്മെന്‍റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോരുത്തര്‍ക്കും എടുത്തുവെച്ച് കളിക്കാന്‍ പറ്റിയതല്ല രാഷ്ട്രീയം. ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ കഴിയുന്ന ദുരവസ്ഥയാണ് ഇന്ത്യയില്‍. പല പാര്‍ട്ടികളുടെയും പേരുപോലും ആര്‍ക്കുമറിയില്ല. ഇതിനെയെല്ലാം നമ്മള്‍ ചുമക്കേണ്ട കാര്യമില്ല. ജാതിയുടെയും മതത്തിന്‍െറയും മറ്റ് സങ്കുചിത താല്‍പര്യങ്ങളുടെയും പേരില്‍ രാഷ്ട്രീയപാര്‍ട്ടികളുണ്ടാക്കുന്നത് അനുവദിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിക്കും മതത്തിനും അതീതമായിരിക്കണം. മതനേതാക്കളുടെ സങ്കുചിത കാഴ്ചപ്പാടിനൊപ്പം പോകേണ്ടതല്ല രാഷ്ട്രീയം. ജനങ്ങളുടെ മനസ്സില്‍ മതസ്പര്‍ധയുണ്ടാക്കുന്നവര്‍ ക്രിമിനലുകളാണ്. രാഷ്ട്രീയബോധമുള്ള മലയാളികള്‍ വോട്ട് മറിച്ചുകൊടുക്കുമെന്ന് തോന്നുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് പേട്ട രചിച്ച ‘രാഷ്ട്രീയ നീതി അഥവാ ജനാധിപത്യം’ എന്ന പുസ്തകം ജോണ്‍ ജോസഫിന് നല്‍കി കെമാല്‍ പാഷ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.