ജില്ലയില്‍ വ്യാപക അക്രമം

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും അക്രമം അരങ്ങേറി. വ്യാഴാഴ്ച രാത്രി വൈകിയാണ് പല സംഭവങ്ങളുമുണ്ടായത്. പയ്യന്നൂര്‍ എടാട്ട് ചെറാട്ടിലെ കോണ്‍ഗ്രസ് ഓഫിസായ പ്രിയദര്‍ശിനി മന്ദിരത്തിന് ബോംബെറിഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നടന്ന സ്ഫോടനത്തില്‍ മുന്‍വശത്തെ വാതിലും മൂന്ന് ജനല്‍ഗ്ളാസുകളും തകര്‍ന്നു. അകത്ത് ചുവരില്‍ തൂക്കിയിട്ട പടങ്ങളുടെ ഗ്ളാസുകളും തകര്‍ന്നിട്ടുണ്ട്. മുമ്പും ഈ ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു. പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കരിവെള്ളൂര്‍ ചീറ്റയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എം.വി. സത്യന്‍െറ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉന്നര്‍ന്ന് തീകെടുത്തിയെങ്കിലും സീറ്റും മറ്റും കത്തിനശിച്ചു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം നടത്തി. 2013 ഡിസംബര്‍ ഒന്നിന് സത്യന്‍െറ മിനിലോറി പെരുമ്പയില്‍ തകര്‍ത്തിരുന്നു. കാങ്കോലില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എ.വി. നാരായണന് മര്‍ദനമേറ്റു. ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. കാര്‍ തകര്‍ത്തതായും പരാതിയുണ്ട്. ഇദ്ദേഹത്തെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറമേലില്‍ മുസ്ലിം ലീഗിന്‍െറയും പിലാത്തറ ഓട്ടോസ്റ്റാന്‍ഡില്‍ ഐ.എന്‍.ടി.യു.സിയുടെയും കൊടിമരം നശിപ്പിച്ചു. തളിപ്പറമ്പ് മഴൂരിലെ ബി.ജെ.പി ഓഫിസായ മാരാര്‍ജി മന്ദിരത്തിന്‍െറ രണ്ട് ജനല്‍ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. ബി.ജെ.പിയുടേയും പോഷക സംഘടനകളുടേയും കൊടികള്‍ അഴിച്ചുകൊണ്ടുപോവുകയും ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. ബക്കളം കടമ്പേരി റോഡരികില്‍ ബി.ജെ.പി പണിത കോണ്‍ക്രീറ്റ് ഇരിപ്പിടവും തകര്‍ത്തു. സി.പി.എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ആന്തൂരില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി. ജയശ്രീയുടെ വീടിനോട് ചേര്‍ന്ന കടമുറി ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിച്ചതായി ബി.ജെ.പി ആന്തൂര്‍ ഏരിയ കമ്മിറ്റി ആരോപിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്ഥലത്തത്തെി അന്വേഷണം നടത്തി. ബി.ജെ.പി കല്യാശ്ശേരി മണ്ഡലം ട്രഷറര്‍ കണ്ണപുരം തെക്കുംപാട്ടെ എം.കെ. മധുവിന്‍െറ കാര്‍ അടിച്ചുതകര്‍ത്തു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. കണ്ണപുരം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.