കൂത്തുപറമ്പ് തിരിച്ചു പിടിച്ച് സി.പി.എം

കൂത്തുപറമ്പ്: അഞ്ചു വര്‍ഷത്തിനുശേഷം കൂത്തുപറമ്പ് മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക്. കെ.കെ. ശൈലജ നേടിയ അട്ടിമറി വിജയത്തിലൂടെയാണ് കൂത്തുപറമ്പ് സി.പി.എം വീണ്ടെടുത്തത്. മണ്ഡലം രൂപവത്കരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം ഇടതുപക്ഷ സ്ഥാനാര്‍ഥികളായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍, മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ജനതാദളിലെ കെ.പി. മോഹനനാണ് വിജയിച്ചത്. അഞ്ച് രക്തസാക്ഷികളുടെ ജീവത്യാഗത്തിലൂടെ ചുവന്ന കൂത്തുപറമ്പില്‍ ഇടതുമുന്നണി തോല്‍ക്കാന്‍ ഇടയായത് സി.പി.എമ്മിന് സംസ്ഥാനതലത്തില്‍തന്നെ വലിയ നാണക്കേടാണുണ്ടാക്കിയിരുന്നത്. അതിനാല്‍ ഘടകകക്ഷിയില്‍നിന്നും സീറ്റ് ഏറ്റെടുത്ത് ശക്തമായ സ്ഥാനാര്‍ഥിയെ ഇറക്കിയാണ് ഇക്കുറി സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനു ഫലം കാണുകയും ചെയ്തു. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ കെ.പി. മോഹനനെ 12291 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ശൈലജ വിജയം കൊയ്തത്. എല്‍.ഡി.എഫിന്‍െറ ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ് നഗരസഭയും പാട്യം, കോട്ടയം, മൊകേരി പഞ്ചായത്തുകളിലും ശൈലജ നല്ല ലീഡ് നേടിയപ്പോള്‍ യു.ഡി.എഫ് കോട്ടകളായ തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, കുന്നോത്തുപറമ്പ് പഞ്ചായത്തിലും പാനൂര്‍ നഗരസഭയിലും നില മെച്ചപ്പെടുത്താനും ശൈലജക്കായി. വോട്ടെണ്ണലിന്‍െറ ഒരുഘട്ടത്തിലും കെ.പി. മോഹനന് ലീഡ് നേടാന്‍ കഴിഞ്ഞില്ളെന്നുള്ളതാണ് വസ്തുത. ശൈലജ 67013 വോട്ടുകള്‍ നേടിയപ്പോള്‍ കെ.പി. മോഹനന് 54772 വോട്ടാണ് ലഭിച്ചത്. കടുത്ത മത്സരം കാഴ്ചവെച്ച ബി.ജെ.പിയിലെ സി. സദാനന്ദന് 20700 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒ.കെ. വാസുവിന് ലഭിച്ചത് 11835 വോട്ടുകളാണെന്നതും ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.