ചിലയിടങ്ങളില്‍ സംഘര്‍ഷം

പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം, ചെറുതാഴം, കടന്നപ്പള്ളിയിലെ പടിഞ്ഞാറെക്കര ബൂത്തുകളുടെ പരിസരത്ത് വോട്ടര്‍മാരും കേന്ദ്രസേനയും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേന്ദ്രസേനയുടെ ലാത്തിയടിയേറ്റ് കുളപ്പുറത്തെ ടി.വി. അനീഷ്(22), പി.വി. പവിത്രന്‍ (47), കെ. ഷിജിത്ത് (28) എന്നിവര്‍ക്ക് പരിക്കേറ്റു. കടന്നപ്പള്ളി പടിഞ്ഞാറെക്കര യു.പി സ്കൂളില്‍ വോട്ട് ചെയ്യാനത്തെിയ സഹജനും(35) കേന്ദ്രസേനയുടെ ലാത്തിയടിയില്‍ പരിക്കേറ്റു. നാലുപേരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 25, 26 ബൂത്തുകളില്‍ വോട്ട് ചെയ്യാനത്തെിയവരെ കേന്ദ്രസേന തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ബി.എല്‍.ഒ വിതരണം ചെയ്ത ഇലക്ടറല്‍ രജിസ്ട്രേഷന്‍ സ്ളിപ്പുമായി എത്തിയവരെ തിരിച്ചറിയല്‍ കാര്‍ഡുമായി വന്നാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂവെന്ന നിലപാടുമായാണ് കേന്ദ്രസേന തടഞ്ഞത്. ഇത് തിരിച്ചറിയല്‍ രേഖയാണെന്ന് സ്ളിപ്പില്‍ രേഖപ്പെടുത്തിയ വിവരം വോട്ടര്‍മാര്‍ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കേന്ദ്രസേനക്കാര്‍ അംഗീകരിച്ചില്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഇരുകൂട്ടരും ഇടഞ്ഞത്. കേന്ദ്രസേനയെ വിന്യസിച്ച പല ബൂത്തുകളിലും കേരള പൊലീസിന്‍െറ സാന്നിധ്യമുണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ പ്രിസൈഡിങ് ഓഫിസര്‍മാരോടുപോലും കേന്ദ്രസേനക്കാര്‍ തട്ടിക്കയറി. മാധ്യമപ്രവര്‍ത്തകരെയും ബൂത്തിനടുത്തുവെച്ച് തടഞ്ഞു. ഒടുവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി. രാജേഷ് ബൂത്തുകളിലത്തെി പ്രിസൈഡിങ് ഓഫിസര്‍ ഇടപെടണമെന്നാവശ്യപ്പെട്ടതോടെയാണ് കേന്ദ്രസേന നിലപാട് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.