പാപ്പിനിശ്ശേരിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു; ക്ളബ് തകര്‍ത്തു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി സ്കൂളിന് സമീപം മൂന്ന് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ഉമൈര്‍ (23), താഹ (22), സത്താര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി സ്കൂളിലെ 29, 30 ബൂത്തുകളിലേക്കുള്ള വോട്ടര്‍മാരെ സഹായിക്കുന്നതിനായി യു.ഡി.എഫ് ഒരുക്കിയ കേന്ദ്രത്തില്‍ ഇരിക്കുമ്പോഴാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. പരിക്കേറ്റവരെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജി, വി.പി. വമ്പന്‍, കെ. ബാലകൃഷ്ണന്‍, പി. ചന്ദ്രന്‍, സി.പി. റഷീദ്, കെ.പി. റഷീദ്, വി.കെ. ജാബിര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ടുജെട്ടിക്ക് സമീപത്തെ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ‘അറഫ് ക്ളബ്’ അക്രമികള്‍ തകര്‍ത്തു. വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം മേശ, കസേര, ഫാന്‍, ടെലിവിഷന്‍, പ്രചാരണ സാമഗ്രികള്‍, കൊടി തോരണങ്ങള്‍ എന്നിവയെല്ലാം നശിപ്പിച്ചു. എയര്‍ കൂളര്‍ അക്രമികള്‍ കൊണ്ടുപോയതായും ക്ളബ് ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അക്രമമെന്ന് കരുതുന്നു. ക്ളബിന് സമീപത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകളെല്ലാം നശിപ്പിച്ച നിലയിലാണ്. ക്ളബ് ഭാരവാഹികളായ കെ.ഒ.കെ ഷാജഹാന്‍, കെ.ടി.പി. ജുനൈദ് എന്നിവര്‍ വളപട്ടണം പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.