കണ്ണൂരില്‍ ആവേശക്കലാശം

കണ്ണൂര്‍: പതിഞ്ഞുതുടങ്ങി ആളിക്കത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശപ്പെരുമ്പറ മുഴക്കി കൊട്ടിക്കലാശം. പോരാട്ടത്തിന്‍െറ പെരുംചൂട് അനുഭവപ്പെട്ട ഇത്തവണ, പ്രചാരണം അവസാനിക്കുന്ന ദിനവും ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ മുന്നണികളും പാര്‍ട്ടികളും തയാറാകാതിരുന്നതോടെ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ ഉത്സവപ്പറമ്പുകളായി. പാട്ടും ഡാന്‍സും ബാന്‍ഡുമേളവും കൊടിതോരണങ്ങളും സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളും നിറംപൂശിയ മുഖങ്ങളുമായി പ്രവര്‍ത്തകരും അണിനിരന്ന അവസാന മണിക്കൂറുകളില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്ന് കാതോടുകാതോരം വോട്ടുതേടും. കേരളം മനസ്സില്‍ കണ്ടതെന്തെന്ന് തെളിയിക്കുന്നതിനുള്ള മന്ത്രങ്ങള്‍ ഉരുക്കഴിക്കാന്‍ നാളെ എല്ലാവരും ബൂത്തിലേക്ക്. പതിവില്ലാത്ത വിധം മത്സരമുയര്‍ന്ന തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണ സമാപനത്തിലും മത്സരം കടുത്തതായിരുന്നു. പ്രചാരണത്തിന്‍െറ കരുത്തും ശക്തിയും വെളിവായതും കൊട്ടിക്കലാശത്തിലായിരുന്നു. കൊട്ടിക്കലാശം സംഘര്‍ഷഭരിതമാകാതിരിക്കാന്‍ മണ്ഡലങ്ങളില്‍ മൂന്നു മുന്നണികള്‍ക്കും മറ്റു പാര്‍ട്ടികള്‍ക്കുമെല്ലാം വെവ്വേറെ ഇടങ്ങളാണ് അധികൃതര്‍ അനുവദിച്ചത്. രണ്ടു മണി കഴിഞ്ഞതോടെ തന്നെ മണ്ഡലങ്ങളിലെ വീഥികളെല്ലാം കൊടികളും വാദ്യമേളങ്ങളുമായി പ്രവര്‍ത്തകര്‍ ചുവടുവെച്ചു തുടങ്ങി. ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ കൊട്ടിക്കലാശവും വാശിയേറിയതായി. അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ആവേശം വാനോളമുയര്‍ന്നു. പോളിങ്ങിനു മുമ്പേ കരുത്തു കാണിക്കാന്‍ മുന്നണികള്‍ ഒരുമ്പെട്ടതോടെ പൊലീസിനും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പ്രയാസമായി. കണ്ണൂര്‍ നഗരത്തില്‍ പൊലീസും കേന്ദ്രസേനാംഗങ്ങളും മതില്‍പോലെ നിന്നാണ് മുന്നണി സ്ഥാനാര്‍ഥികള്‍ കൂടിക്കലര്‍ന്ന് പ്രശ്നങ്ങളുണ്ടാവാതെ നോക്കിയത്. നഗരത്തില്‍ മൂന്നിടങ്ങളിലായാണ് കൊട്ടിക്കലാശത്തിന് അനുമതി നല്‍കിയതെങ്കിലും ബി.ജെ.പിയുടെ പ്രകടനം യു.ഡി.എഫിന്‍െറ പ്രകടനവുമായി മുനീശ്വരന്‍ കോവിലിനു സമീപം മുഖാമുഖം വന്നു. മുദ്രാവാക്യം വിളികള്‍ ഉഗ്രരൂപത്തിലായതോടെ കേന്ദ്രസേനാംഗങ്ങളും പൊലീസും ഇരുകൂട്ടര്‍ക്കുമിടയില്‍ നിലയുറപ്പിച്ച് പ്രകടനങ്ങളെ കടത്തിവിട്ടു. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്ത് ബി.ജെ.പി യോഗത്തിനു മുന്നില്‍ എത്തിയപ്പോള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലര്‍ കൂവിയെങ്കിലും നേതാക്കള്‍ ജാഗരൂകരായതോടെ പ്രകടനങ്ങള്‍ സമാധാനപരമായി മുന്നോട്ടുപോയി. എല്‍.ഡി.എഫിന്‍െറ പ്രചാരണം പ്രഭാത് ജങ്ഷനില്‍ നിന്നും ആരംഭിച്ച് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. തുറന്ന ജീപ്പില്‍ കണ്ണൂര്‍ മേയര്‍ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി എന്നിവര്‍ക്കൊപ്പമായിരുന്നു സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കടന്നപ്പള്ളിയുടെ ചിഹ്നവും ചിത്രവും പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ച് ജാഥയായത്തെി. ബാന്‍ഡ് മേളവും പാട്ടും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ആടിപ്പാടി. കെ.പി. സഹദേവന്‍, എന്‍. ചന്ദ്രന്‍, വി. രാജേഷ് പ്രേം, രാജന്‍ വെള്ളോറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത് കണ്ണൂര്‍ സിറ്റിയില്‍ നിന്നായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ത്രിവര്‍ണ, ഹരിത പതാകകളേന്തി നഗരത്തെ ഇളക്കിമറിച്ചത്. തുറന്ന ജീപ്പില്‍ യു.ഡി.എഫ് നേതാക്കളായ കെ. പ്രമോദ്, അഡ്വ. ടി.ഒ. മോഹനന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പാച്ചേനി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പാച്ചേനിയെ വാഴ്ത്തുന്ന പാട്ടുകളുമായി പ്രവര്‍ത്തകര്‍ ഡാന്‍സ് ചെയ്താണ് നഗരത്തിലൂടെ മുന്നേറിയത്. പ്രഭാത് ജങ്ഷനില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചാരണം തുടങ്ങിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രകടനമായിരുന്നു ബി.ജെ.പിയുടേത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പതാകയേന്തി പ്രകടനത്തില്‍ അണിനിരന്നു. തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി കെ.ജി. ബാബുവും സംസ്ഥാന സമിതിയംഗം എ. ദാമോദരനുമുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും നിലയുറപ്പിച്ചിരുന്നു. നഗരം ചുറ്റിയ പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. കെ.കെ. വിനോദ് കുമാര്‍, ടി.സി. മനോജ്, കെ. പ്രശോഭ്, കെ.കെ. ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം. ജോസഫ് ജോണിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോ നടന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് റോഡ് ഷോ നടന്നത്. വളപട്ടണം മന്നയില്‍നിന്ന് ആരംഭിച്ച റോഡ് ഷോ പുതിയ തെരുവില്‍ കൊട്ടിക്കലാശത്തോടെ സമാപിച്ചു. മണ്ഡലം പ്രസിഡന്‍റ് എന്‍.എം. കോയ, മണ്ഡലം വൈസ് പ്രസിഡന്‍റ് എ.ടി. സമീറ, കെ.കെ. നാജിയ, ടി.കെ. അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.