വൈശാഖ മഹോത്സവം: കൊട്ടിയൂരില്‍ ഭക്തിനിറവില്‍ നീരെഴുന്നള്ളത്ത്

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍െറ പ്രാരംഭ ചടങ്ങുകളില്‍ പ്രധാനമായ നീരെഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി നടന്നു. ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സമുദായി ഭട്ടതിരിപ്പാടും സംഘവും മന്ദംചേരിയിലെ കാനന വഴികളിലൂടെ കൂവയിലയുമായി ബാവലിപ്പുഴയിലത്തെി. ഇവരെ പാരമ്പര്യ ഊരാളന്മാരുടെ സംഘം അനുഗമിച്ചു. ബാവലിക്കരയിലുണ്ടായിരുന്ന കുറിച്യ സ്ഥാനികരായ ഒറ്റപ്പിലാന്‍, ജന്മാശാരി, പുറംകലയന്‍ എന്നിവര്‍ ബാവലിയില്‍ മുങ്ങിക്കുളിച്ച് കൂവയിലകളില്‍ ബാവലിതീര്‍ഥം ശേഖരിച്ച് കിഴക്കെ നടയിലെ അക്കരെ കൊട്ടിയൂരിലത്തെി. തിരുവഞ്ചിറയില്‍ തൊഴുത് കൈയില്‍ കരുതിയ ബാവലിതീര്‍ഥം മണിത്തറയില്‍ തളിച്ചു. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും കാനനപാതയിലൂടെ അക്കരെ കൊട്ടിയൂരിലത്തെി തൊഴുതശേഷം ബാവലിജലം മണിത്തറയില്‍ അഭിഷേകം നടത്തി. ഇതിനുശേഷം, കഴിഞ്ഞ ഉത്സവാവസാനം പെരുമാള്‍ വിഗ്രഹത്തില്‍ ആവരണം ചെയ്ത അഷ്ടബന്ധം നീക്കി. ഇത് അടിയന്തിരക്കാര്‍ക്ക് പ്രസാദമായി നല്‍കി. തുടര്‍ന്ന് അമ്മാറക്കലില്‍ തൊഴുത് മടങ്ങിയതോടെ നീരെഴുന്നള്ളത്ത് ചടങ്ങിന് സമാപ്തിയായി. അര്‍ധരാത്രിയോടെ ആയില്യാര്‍ കാവില്‍ ഗൂഡപൂജകള്‍ നടന്നു. അപ്പട നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. മേയ് 20ന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തിരിതെളിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.