പുറത്തായത് സര്‍ക്കാറിനെതിരായ ഗൂഢാലോചന –കെ. സുരേന്ദ്രന്‍

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് യു.ഡി.എഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് പേരാവൂരില്‍ ആദിവാസി കുട്ടികളുടെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാലിന്യക്കൂനയില്‍ ഭക്ഷണമന്വേഷിക്കുന്ന പേരാവൂര്‍ ഓണപറമ്പ് കോളനിയിലെ ആദിവാസി കുട്ടികളുടെ ചിത്രം മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സോമാലിയയോട് കേരളത്തെ ഉപമിച്ചതിനെ ന്യായീകരിക്കാന്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയതും ഈ വാര്‍ത്തയാണ്. എന്നാല്‍, വാര്‍ത്ത നിഷേധിക്കുന്ന വിധത്തില്‍ കോളനിയിലെ അമ്മയുടെയും കുട്ടികളുടെയും സംഭാഷണമടങ്ങിയ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നില്‍ പ്രാദേശിക പത്രപ്രവര്‍ത്തകരായ രണ്ട് സി.പി.എം പ്രവര്‍ത്തകരാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സി.പി.എം, ബി.ജെ.പി നേതൃത്വങ്ങളുടെ ഒത്താശയും വാര്‍ത്തക്ക് പിന്നിലുണ്ട്. മലയോര മേഖലയില്‍ യു.ഡി.എഫിനുള്ള ജനപിന്തുണ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ വി.വി. പുരുഷോത്തമന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ. പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.