മുന്നണി സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ –സുബ്രഹ്മണി അറുമുഖം

തലശ്ശേരി: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സുബ്രഹ്മണി അറുമുഖം. തലശ്ശേരി മണ്ഡലം സ്ഥാനാര്‍ഥി ജബീന ഇര്‍ഷാദിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും അഴിമതിക്കാരെയും തിരസ്കരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണം. സമസ്ത മേഖലയിലും കേരളത്തെ പിന്നാക്കമാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ നാടിനെ വളര്‍ത്തുമെന്ന് അവകാശപ്പെടുന്നത് അപഹാസ്യമാണ്.അക്രമ രാഷ്ട്രീയത്തിന് പകരം ജീവന്‍െറ രാഷ്ട്രീയത്തെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. സ്വന്തം വിദ്യാഭ്യാസയോഗ്യത പോലും പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും സാക്ഷര കേരളത്തെ ഉപദേശിക്കാന്‍ അര്‍ഹതയില്ല. കേരളത്തില്‍ ഭൂരഹിതര്‍ക്ക് വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയതും തെരുവിലിറങ്ങിയതും വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്‍റ് കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. ഷംസീര്‍ ഇബ്രാഹിം പരിഭാഷപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് പി.ബി.എം. ഫര്‍മീസ്, സ്ഥാനാര്‍ഥി ജബീന ഇര്‍ഷാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജയന്‍ ചെങ്ങറ, അഡ്വ. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. സാജിദ് കോമത്ത് സ്വാഗതവും യു.കെ. സെയ്ദ് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ജനസാഗരമായി. മുതിര്‍ന്നവരും യുവാക്കളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് റാലിയുടെ ഭാഗമായത്. തലശ്ശേരി എന്‍.സി.സി റോഡില്‍നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ റാലി സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.