സി.പി.എം അക്രമമെന്ന്; വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് ആശുപത്രിയില്‍

കണ്ണൂര്‍: വളപട്ടണം പഞ്ചായത്ത് വനിതാ പ്രസിഡന്‍റിനെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി പരാതി. ഇന്നലെ ഉച്ചയോടെ അമ്പതോളം വരുന്ന സംഘം വളപട്ടണം പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ മനോരമയുടെ വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞശേഷം മനോരമയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് മുന്‍ എം.എല്‍.എ എം. പ്രകാശന്‍ മാസ്റ്റര്‍, വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍, ബ്ളോക് പഞ്ചായത്ത് മെമ്പര്‍ പ്രശാന്തന്‍, കെ.വി. ഷക്കീല്‍, എം.വി. മഹമൂദ്, എ.എന്‍. സലീം തുടങ്ങിയവരുടെ നേതൃത്വത്തിലത്തെിയ സംഘമാണ് അക്രമം നടത്തിയതത്രെ. അതേസമയം, അഴീക്കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിനെതിരെയുള്ള നോട്ടീസുകളും ലഘുലേഖകളും മനോരമയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ച 12 മണിയോടെ വളപട്ടണം ഹൈവേ ജങ്ഷനു സമീപത്തെ പ്രസിഡന്‍റിന്‍െറ വീട്ടില്‍നിന്നാണ് നിരവധി നോട്ടീസുകളും ലഘുലേഖകളും വളപട്ടണം സി.ഐ. ടി.പി. ശ്രീജിത്ത്, എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. പ്രസിഡന്‍റിന്‍െറ വീട് കേന്ദ്രീകരിച്ച് നോട്ടീസ് വിതരണം നടക്കുന്നതായി എല്‍.ഡി.എഫ് പരാതിപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. മനോരമ, ഭര്‍ത്താവ് സുകുമാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ആശുപത്രിയിലുള്ള മനോരമയെ ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിച്ചു. പരാജയ ഭീതിപൂണ്ട സി.പി.എം ആസൂത്രിതമായി അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രനും കെ.എം. ഷാജി എം.എല്‍.എയും പ്രസ്താവനയില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.