നഗരസഭ മാസ്റ്റര്‍ പ്ളാന്‍ : സി.പി.എം ആരോപണം കുപ്രചാരണമെന്ന് യു.ഡി.എഫ്

കണ്ണൂര്‍: പാവങ്ങള്‍ക്ക് വീടുവെക്കാന്‍ കഴിയാത്ത തരത്തിലാണ് നേരത്തേയുള്ള നഗരസഭ മാസ്റ്റര്‍പ്ളാന്‍ തയാറാക്കിയതെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കുപ്രചാരണമാണെന്ന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എമ്മും കോര്‍പറേഷന്‍ മേയറും മാസ്റ്റര്‍പ്ളാനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ഇതു വരെ ചര്‍ച്ചക്കു പോലും തയാറായില്ളെന്നും അവര്‍ പറഞ്ഞു. വിദഗ്ധ പഠനത്തിലൂടെയും സര്‍ക്കാര്‍ അനുമതിയോടെയുമാണ് നഗരാസൂത്രണ വകുപ്പ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ പോലും വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. നഗരത്തിന്‍െറ സമഗ്ര വികസനം ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റര്‍പ്ളാന്‍ 10 വര്‍ഷക്കാലത്തെ തയാറെടുപ്പിലൂടെയാണ് നഗരാസൂത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍, മാസ്റ്റര്‍ പ്ളാന്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നേരത്തേ വേണ്ടത്ര ചര്‍ച്ചകളോ പൊതു ജനങ്ങളുടെ ഇടപെടലോ നടന്നിട്ടില്ലാത്തതിനാല്‍ നിര്‍ദേശങ്ങള്‍ ഗൗരവമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നിരുന്നു. എന്നാല്‍, ഇത്തരം ഘട്ടത്തിലൊന്നും സി.പിഎം മാസ്റ്റര്‍ പ്ളാനിനെ എതിര്‍ത്തിരുന്നില്ല. കൂടാതെ മാസ്റ്റര്‍ പ്ളാനില്‍ ഭേദഗതി ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന പ്രമേയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വന്നപ്പോള്‍ എതിര്‍ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. കോര്‍പറേഷന്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ തന്നെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാസ്റ്റര്‍ പ്ളാനിന്‍െറ കരട് പ്രസിദ്ധീകരിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ബന്ധപ്പെട്ട നഗരാസൂത്രണ ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേരുന്നതിനാവശ്യപ്പെട്ടിട്ടും മേയര്‍ ഇതുവരെ തയാറായില്ല. നിലവില്‍ സര്‍ക്കാറിനു മുന്നിലുള്ള മാസ്റ്റര്‍ പ്ളാന്‍ കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കാനാണ് മേയറും സി.പി.എമ്മും ശ്രമിക്കുന്നത്. ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, അഡ്വ. ടി.ഒ. മോഹനന്‍, എം.പി. മുഹമ്മദലി, സി.കെ. വിനോദ്, കെ.പി. താഹിര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.