നിയമസഭാ തെരഞ്ഞെടുപ്പ്: എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂം, ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റുകള്‍, 12 മൊബൈല്‍ പട്രോളിങ് യൂനിറ്റുകള്‍ എന്നിവ രൂപവത്കരിച്ച് അബ്കാരി മേഖലകളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനമാണ് ഊര്‍ജിതമാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. ഫോണ്‍: 0497 2706698, ബി.എസ്.എന്‍.എല്‍ ടോള്‍ഫ്രീ: 18004251727. പൊലീസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധന, കണ്ണവം, ചീക്കാട്, ശ്രീകണ്ഠപുരത്തെ കാഞ്ഞിരക്കൊല്ലി തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മറ്റ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണാടക, മാഹി അതിര്‍ത്തികളില്‍ പട്രോളിങ്ങും സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുള്ള കണ്ടെയ്നര്‍ ലോറികളില്‍ പരിശോധനയും നടത്തുന്നുണ്ട്. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍ഡ്സ് മദ്യം എന്നിവയുടെ വലിയ ശേഖരങ്ങള്‍ കണ്ടത്തൊന്‍ സഹായകരമായ രീതിയില്‍ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. പാരിതോഷികങ്ങളും നല്‍കും. ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും പരിശോധിക്കാന്‍ ആര്‍.പി.എഫിന്‍െറ സഹായം തേടിയിട്ടുണ്ട്. കടല്‍വഴിയുള്ള വ്യാജമദ്യക്കടത്ത് തടയാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തുന്നുമുണ്ട്. ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് 1462 റെയ്ഡുകളും 66 കോളനി റെയ്ഡുകളും മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 31 സംയുക്ത റെയ്ഡുകളും നടത്തി. 151.5 ലിറ്റര്‍ ചാരായം, 3.392 കി. ഗ്രാം കഞ്ചാവ്, ആറ് കഞ്ചാവ് ചെടികള്‍, 5.56 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 591.47 ലിറ്റര്‍ വിദേശ മദ്യം, 758.06 ലിറ്റര്‍ മാഹി മദ്യം, 51.650 ലിറ്റര്‍ കര്‍ണാടക മദ്യം, 39.35 ലിറ്റര്‍ ബിയര്‍, 2825 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തു. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് വാഹനപരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 25.7 ലക്ഷം രൂപയും 490.476 ഗ്രാം സ്വര്‍ണവും 3.820 കി. ഗ്രാം വെള്ളിയും ഒരു നാടന്‍ തോക്കും പിടിച്ചെടുത്തു. രഹസ്യ വിവരങ്ങള്‍ കൈമാറിയും മറ്റും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.