മാവോവാദി ഭീഷണി:തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ തണ്ടര്‍ബോള്‍ട്ട്

കേളകം: മാവോവാദി ഭീഷണി നേരിടാന്‍ തണ്ടര്‍ബോള്‍ട്ട് സേന മലയോര വനാതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ആറളം, കൊട്ടിയൂര്‍ വനപ്രദേശങ്ങളില്‍ മാവോവാദി ഭീഷണിയുള്ളതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച രാവിലെ കേളകം പഞ്ചായത്തിലെ രാമച്ചി കുറിച്യ കോളനിയില്‍ തിരച്ചില്‍ നടത്തി. പതിമൂന്നംഗ തണ്ടര്‍ബോള്‍ട്ട് സേനയാണ് തിരച്ചിലിനത്തെിയത്. മാസങ്ങള്‍ക്ക് മുമ്പ് മാവോവാദികളത്തെിയ ആറളം പഞ്ചായത്തിലെ വിയറ്റ്നാം കോളനിയിലും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും നെടുംപൊയില്‍, ചെക്ക്യാട്, പെരുവ കോളനികളിലും തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തി. കൂടാതെ മുമ്പ് മാവോവാദികളുടെ ഭീഷണി നിലനില്‍കുന്ന കേളകം, പേരാവൂര്‍, ആറളം, കരിക്കോട്ടക്കരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെയും സുരക്ഷ ശക്തമാക്കി. നാലംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെയാണ് സ്റ്റേഷനുകളില്‍ വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും വരെ തിരച്ചില്‍ തുടരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. വയനാട് അതിര്‍ത്തിയിലും നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ മാവോവാദികളുടെ ഭീഷണിയുള്ള പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഒമ്പത് ബൂത്തുകളുടെ സുരക്ഷക്കായി തണ്ടര്‍ബോള്‍ട്ട്-കേന്ദ്രസേനയെ നിയോഗിക്കും. ഭീഷണിയുള്ള ബൂത്തുകളില്‍ മൂന്നുഘട്ട സുരക്ഷയാണുണ്ടാവുക. ബൂത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയും പരിസരത്ത് കേന്ദ്രസേനയും കേരള പൊലീസ് സായുധസേനയും ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പില്‍ മാവോവാദികളുടെ ഭീഷണിയുള്ളതിനാല്‍ ശക്തമായ പൊലീസ് പട്രോളിങ് ആരംഭിച്ചതായി ഇരിട്ടി ഡിവൈ.എസ്.പി കെ. സുദര്‍ശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.