കൂത്തുപറമ്പ് മണ്ഡലം : പൊരിവെയിലില്‍ ‘തീപാറും’ പ്രചാരണം

കൂത്തുപറമ്പ്/പാനൂര്‍: ചെറുവാഞ്ചേരി മുതിയങ്ങ റേഷന്‍പീടികയിലത്തെിയ ജാനകിയുടെ കൈപിടിച്ച് കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ കെ.പി. മോഹനന്‍ ചോദിച്ചു. ‘പെന്‍ഷന്‍ വരാന്‍ തൊടങ്ങീല്ളേ ഇങ്ങക്ക്?’ നിറഞ്ഞ ചിരിയോടെ അവര്‍ മോഹനന്‍െറ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മണ്ഡലത്തില്‍ ചിരപരിചിതനായതിനാല്‍ ഓരോരുത്തരുടെയും പേര് ചൊല്ലി വിളിച്ചാണ് മോഹനന്‍ മൂന്നാമങ്കത്തിന് മൂര്‍ച്ച കൂട്ടുന്നത്. വ്യാഴാഴ്ച, തുറന്ന വാഹനത്തില്‍ കൂടി എത്തിയപ്പോള്‍ പ്രചാരണത്തിന് ഉച്ചവെയില്‍ ഏറെ തീക്ഷ്ണമായിരുന്നു. അടുത്ത കേന്ദ്രമായ പാച്ചാക്കൂലില്‍ നിരവധി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മോഹനനത്തെിയതും പടക്കം പൊട്ടി. പ്രാസംഗികന്മാരുടെ നീണ്ട നിരയുമുണ്ട് പ്രചാരണത്തിന് മുന്നോടിയായി. കൃഷിമന്ത്രിയുടെ പരിവേഷത്തോടെയത്തെുന്ന മോഹനന് പറയാനുള്ളതും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ. കൂത്തുപറമ്പില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരേണ്ടതിന്‍െറ ആവശ്യകത എന്നിവയടങ്ങുന്ന പ്രസംഗം പരിമിതമായ വാക്കുകളില്‍. കാര്യാട്ടുപുറം, കൂറ്റേരിപ്പൊയില്‍, ചീരാറ്റ എന്നിവിടങ്ങളില്‍ യുവാക്കളുടെ ആവേശകരമായ മുദ്രാവാക്യം വിളികളോടെയുള്ള സ്വീകരണം. സ്കൂളില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കിയ മന്ത്രിയെ കാണാന്‍ ചീരാറ്റയില്‍ കൊച്ചു കുട്ടികളത്തെിയിരുന്നു. അവരുമൊന്നിച്ചൊരു സെല്‍ഫി. ചീരാറ്റ കഴിയുമ്പോഴേക്കും മഴയത്തെിയത് പര്യടനത്തിന്‍െറ ശോഭ കെടുത്തി. പിന്നീട് ആദിവാസി മേഖലയായ കണ്ണവം കോളനിയിലേക്കായി യാത്ര. നിരവധിയാളുകള്‍ കോളനിയില്‍ മഴയത്തും എത്തിയിരുന്നു. ഇതിനിടെ കോളനിവാസികളുമായി സ്വകാര്യ ചര്‍ച്ചയും കാണാമായിരുന്നു. തുടര്‍ന്ന് വെങ്ങളം കോളനി, പൂവത്തൂര്‍ പാലം. സമാപന കേന്ദ്രമായ ചെറുവാഞ്ചേരിയില്‍ അക്രമത്തിനെതിരെയായിരുന്നു മോഹനന്‍െറ പ്രസംഗം. സമാപനത്തിന് മഴയത്തും ആവേശം അണപൊട്ടിയൊഴുകുന്നുണ്ടായിരുന്നു. സി.പി.എമ്മിന്‍െറ വനിതാ പോരാളി ശൈലജ ടീച്ചര്‍ക്ക് പൊരിവെയിലത്തുള്ള പ്രചാരണം ശരീരത്തിനും മനസ്സിനും ഒരു ക്ഷതവുമേല്‍പിച്ചിട്ടില്ളെന്ന് ഒറ്റനോട്ടത്തിലറിയാം.അതിരാവിലെ ആറ് മണിക്കിറങ്ങിയതാണ്. പ്രചാരണ പരിപാടിക്ക് കുന്നുമ്മലിലാണ് തുടക്കം. സ്ഥാനാര്‍ഥി എത്തുമ്പോഴേക്കും കമ്യൂണിസ്റ്റ് നേതാവ് എ.വി. ബാലന്‍െറ പ്രസംഗം തകര്‍ക്കുന്നുണ്ട്. പെരുമ്പാവൂര്‍ വിഷയം മുതല്‍ കൂത്തുപറമ്പിന്‍െറ വികസന മുരടിപ്പ് വരെ വിഷയമാവുന്നുണ്ട്. ആള്‍ക്കൂട്ടത്തിലേക്കിറങ്ങി ചിരപരിചിതയെപ്പോലെയാണ് പെരുമാറ്റം. ഓരോരുത്തരെയും കൈപിടിച്ച് വോട്ടഭ്യര്‍ഥന.താന്‍ നാട്ടുകാരിയല്ളെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് ചുട്ട മറുപടിയോടെ പ്രസംഗത്തിന്‍െറ തുടക്കം. നാട്ടുകാരിയല്ളെങ്കിലും പുത്തൂരില്‍ നിന്ന് കരിയാട്ടത്തെുന്ന സമയം കൊണ്ട് ഞാന്‍ മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പിലത്തെും. മണ്ഡലത്തില്‍ വികസന രംഗത്തേറെ ചെയ്യാനുണ്ട്. നിരവധി ആദിവാസി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ണവം കോളനിയുള്‍പ്പെടെ നവീകരിക്കും... പ്രസംഗം ആവേശത്തോടെ തുടര്‍ന്നു.ബാന്‍ഡ് സെറ്റിന്‍െറ വിപ്ളവഗീതത്തിന് പിറകെ ടീച്ചര്‍ അടുത്ത കേന്ദ്രമായ ചെണ്ടയാട് നവോദയക്ക് സമീപം. റോഡരികില്‍ ഉച്ചവെയിലിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഹാരാര്‍പ്പണത്തിന്‍െറ തിക്കും തിരക്കും.മഹിളാ അസോസിയേഷന്‍െറ സംസ്ഥാന ഭാരവാഹിയെന്ന നിലയില്‍, ജിഷയുടെ കൊലപാതകം എല്ലാ കേന്ദ്രങ്ങളിലും വിഷയമാവുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിനെതിരെയാണ് പ്രസംഗത്തിലെ ഒളിയമ്പുകള്‍. എതിര്‍ സ്ഥാനാര്‍ഥി കെ.പി. മോഹനന്‍െറ വീടിനരികിലും സ്വീകരണ കേന്ദ്രമുണ്ട്. കെ.സി മുക്കിലെയും കൈവേലിക്കലിലെയും സ്വീകരണം കഴിയുമ്പോഴേക്കും നേരം സന്ധ്യയോടടുത്തു. യുവാക്കളുടെ പൈലറ്റ് ബൈക്ക് റാലിയിലെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ രാജേഷ് സ്മാരക കലാസമിതിയുടെ സ്വീകരണത്തിനുശേഷം ടീച്ചറും സംഘവും അവസാന കേന്ദ്രമായ പാറാട് ടൗണിനെ ലക്ഷ്യമാക്കി നീങ്ങി.സുഖമില്ലാത്തതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സദാനന്ദന്‍ മാസ്റ്റര്‍ക്ക് വ്യാഴാഴ്ച വിശ്രമത്തിന്‍െറ ദിവസമായിരുന്നു. കടുത്ത പനിയും ശരീരവേദനയും അവഗണിച്ചും കൊല്ലപ്പറ്റ മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്ത് എന്‍.ഡി.എ കുടുംബസംഗമത്തിനത്തെി. സ്ഥാനാര്‍ഥിയെ കണ്ടതും കിഴക്കുമ്പ്രത്ത് മാധവി ഓടിയത്തെി. കണ്ണീരോടെ തലയില്‍ കൈവെച്ച് പറഞ്ഞു: മാഷേ, മാഷ് ജയിക്കും ഇത്തവണ... നിരവധി സ്ത്രീകളുടെ പ്രാതിനിധ്യമുള്ള കുടുംബയോഗത്തില്‍ ഹ്രസ്വമായ പ്രസംഗം. ഇടത് വലത് മുന്നണികള്‍ക്കെതിരെ കടന്നാക്രമണം. പൊയിലൂര്‍, ചമതക്കാട് ഭാഗങ്ങളിലെ പര്യടനം റദ്ദാക്കി നേരെ പാനൂരിലത്തെി. റെക്കോഡിങ് സ്റ്റുഡിയോവിലത്തെി സ്വന്തം ശബ്ദം വോട്ടഭ്യര്‍ഥനയായി റെക്കോഡ് ചെയ്തു. നേരെ കാര്യാലയത്തിലത്തെി വിശ്രമം. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. മുഹമ്മദ് ഷബീര്‍ രാവിലെ മുതല്‍ കുടുംബയോഗങ്ങളുടെ തിരക്കിലായിരുന്നു. ഉച്ചക്കുശേഷം പാനൂര്‍ ടൗണില്‍ വോട്ടു ചോദിച്ചു. മഴയത്തെിയതോടെ പര്യടന പരിപാടി നിര്‍ത്തി വീണ്ടും വോട്ട് ചോദിച്ച് വീടുകളിലേക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.