പൊലീസിനെ അപായപ്പെടുത്താന്‍ മണല്‍കടത്ത് സംഘത്തിന്‍െറ ശ്രമം

തളിപ്പറമ്പ്: മണല്‍കടത്ത് സംഘത്തെ പിന്തുടര്‍ന്ന പൊലീസിനെ കുന്നിന്‍ മുകളില്‍നിന്ന് വാഹനം പിറകോട്ട് ഉരുട്ടി അപായപ്പെടുത്താന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പരിയാരം പൊലീസിനു നേരെയാണ് അപായ ശ്രമം. പൊയില്‍ കുറ്റ്യേരികടവ് ഭാഗത്തുനിന്ന് മണല്‍ കയറ്റി വരുകയായിരുന്ന മിനിലോറി പൊലീസ് വാഹനത്തെ കണ്ടയുടന്‍ അമ്മാനപ്പാറ റോഡിലേക്ക് അമിതവേഗതയില്‍ ഓടിച്ചുപോയപ്പോഴാണ് പൊലീസ് പിന്തുടര്‍ന്നത്. മിനിലോറി തേറണ്ടി കുളങ്ങോട് റോഡിലെ കുന്നിന്‍മുകളിലേക്ക് ഓടിച്ചു കയറ്റുകയും ഡ്രൈവറും മറ്റുള്ളവരും ലോറിയില്‍നിന്നും ചാടിയിറങ്ങി പിന്നോട്ട് ഉരുട്ടുകയുമായിരുന്നു. ജീപ്പ് ഡ്രൈവര്‍ രഞ്ജിത്ത് റോഡരിക് ചേര്‍ന്ന് വാഹനം ഓടിച്ചതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ജീപ്പിനെ ഇടിക്കാതെ പിന്നോട്ട് നീങ്ങിയ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ലോറിയില്‍ പതിച്ചിരുന്ന നമ്പര്‍ വ്യാജമാണെന്നാണ് പൊലീസ് നിഗമനം. എസ്.ഐ കെ.എന്‍. മനോജിന് പുറമേ സീനിയര്‍ സി.പി.ഒ ജയ്മോന്‍ ജോര്‍ജും പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നു. മണല്‍കടത്ത് വാഹനം ഓടിച്ചയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 16ന് മണല്‍കടത്ത് സംഘത്തെ പിടികൂടാന്‍ പുറപ്പെട്ട പരിയാരം എസ്.ഐ പി. രാജനെ മണല്‍ മാഫിയ സംഘം വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അന്നും പൊലീസ് വാഹനം ഓടിച്ചിരുന്നത് രഞ്ജിത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.