കുഞ്ഞാമിന വധം: പ്രതികളുടെ ചിത്രം ലഭിച്ചു

ഇരിക്കൂര്‍: സിദ്ദീഖ് നഗറിലെ റുബീനാസില്‍ മെരടന്‍ കുഞ്ഞാമിനയെ കൊലയാളികളെകുറിച്ചുള്ള നിര്‍ണായക തെളിവായി ഇവരുടെ സി.സി.ടി.വി ചിത്രം പൊലീസിന് ലഭിച്ചു. ഇവര്‍ ഇരിക്കൂര്‍ ടൗണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ചിത്രമാണ് ലഭിച്ചത്. പ്രതികളെ നേരിട്ടുകണ്ട ഓട്ടോ ഡ്രൈവറുടെയും മുറി സൗകര്യപ്പെടുത്തിക്കൊടുത്ത ആളുടെയും സഹായത്തോടെ പൊലീസ് ഗുണ്ടല്‍പേട്ടയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടിയിട്ടില്ളെന്നാണ് അറിയുന്നത്. സംഘം ഉപയോഗിച്ച സിം കാര്‍ഡുകളെല്ലാം വ്യാജമാണെന്നും ബോധ്യമായിട്ടുണ്ട്. കൊലപാതക സമയത്ത് കുഞ്ഞാമിനയുടെ കൈയില്‍നിന്നും പൊട്ടിച്ചെടുത്ത മുക്കുപണ്ടമെന്ന് തോന്നി മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട വളകള്‍ സ്വര്‍ണം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകസംഘത്തിലെ സ്ത്രീ ഉപയോഗിച്ച സിം കാര്‍ഡ് നമ്പര്‍ പൊലീസ് കണ്ടെടുത്തെങ്കിലും അതും വ്യാജമാണെന്ന് തെളിഞ്ഞു. ഈ നമ്പറില്‍നിന്ന് 12 കോളുകള്‍ മാത്രമാണ് വിളിച്ചിട്ടുള്ളത്. ഇതില്‍ ഇരിക്കൂറിലും ഗുണ്ടല്‍പേട്ടയിലുമുള്ളവരാണെന്നും ഇവരാരും കൊലയാളികളുടെ ബന്ധുക്കളോ സഹായികളോ അല്ളെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാരോ പ്രതികളുടെ പരിചയക്കാരോ ആണിവര്‍. പലരും നിരീക്ഷണത്തിലാണ്. അക്രമിസംഘം ഇരിക്കൂറിലോ പരിസരങ്ങളിലോ 50 ലക്ഷം രൂപക്ക് കിട്ടാവുന്ന വീടിനെകുറിച്ച് അന്വേഷിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇരിക്കൂറിലെ ഒരു ഡോക്ടറുമായി പ്രതികള്‍ ബന്ധപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. ബംഗളൂരുവില്‍ 10 കോടി രൂപയുടെ സ്ഥലം വില്‍പന നടത്തിയിട്ടുണ്ടെന്നും ഈ പണം പിന്‍വലിക്കാന്‍ ഡോക്ടറുടെ അക്കൗണ്ട് സേവനം ലഭ്യമാക്കണമെന്നും സംഘം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്രേ. സംഘത്തിലെ മൂവരും നന്നായി ഇംഗ്ളീഷ് കൈകാര്യം ചെയ്യുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. പ്രതികള്‍ ഒരിടത്തും സ്ഥിരമായി താമസിക്കാത്തവരാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, കുഞ്ഞാമിനയുടെ മരണ കാരണം കവര്‍ച്ചക്കിടെ കരളിനേറ്റ കുത്താണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. കഴുത്തിലും വയറ്റിലും നെഞ്ചിലുമായി 19 കുത്തുകളേറ്റിരുന്നുവെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.