ജാഥകളില്‍ പ്രകോപന മുദ്രാവാക്യം പാടില്ല

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും പദയാത്രകളും നടത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പെരുമാറ്റചട്ടലംഘനമാകും. സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുന്നില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ് നടത്തുന്നതും നിയമവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും പൊലീസ് അധികാരികളെ നേരത്തേ അറിയിക്കണം. ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ഡ്യൂട്ടിയിലുള്ള പൊലീസിന്‍െറ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കണം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ സമയം ഒരേ സ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തമ്മില്‍ കൂടിയാലോചിച്ച് പൊലീസ് അധികാരികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കേണ്ടതാണ്. ഒരു ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റുന്നതിനുള്ള അനുമതി തേടേണ്ടതാണ്. യോഗം/പദയാത്ര നടത്തുന്നതിന് നിരോധം ഉള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധം ലംഘിച്ച് യോഗമോ/പദയാത്രയോ നടത്താന്‍ പാടില്ലാത്തതുമാണ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ ആറ് മണിക്ക് മുമ്പോ രാത്രി 10 മണിക്ക് ശേഷമോ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന യോഗം മറ്റ് പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ പാടില്ലാത്തതാണെന്നും പെരുമാറ്റചട്ടം അനുശാസിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.