‘ബോധി’യുമായി പാലയാട് ജി.എച്ച്.എസ്.എസ്

തലശ്ശേരി: ‘ബോധി’ സമഗ്ര വിദ്യാലയ വികസന പദ്ധതിയുമായി പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സംസ്ഥാനത്തെ വികസന സാധ്യതയേറിയ തീരദേശ ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ 33 വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് വിദ്യാലയങ്ങളിലൊന്നായി പാലയാട് സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ‘ബോധി’ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രധാനാധ്യാപിക പി.കെ. ഗീത പറഞ്ഞു. 54 വര്‍ഷത്തെ ചരിത്രം പേറുന്ന സ്കൂളിനെ വികസന പാതയിലേക്ക് നയിക്കാന്‍ ധര്‍മടം ഗ്രാമം ഒന്നടങ്കം പദ്ധതിക്ക് പിന്നില്‍ അണിനിരക്കുകയായിരുന്നു. എട്ടാം ക്ളാസ് മുതല്‍ മൂന്ന് വര്‍ഷത്തേക്കെന്ന ലക്ഷ്യത്തിലാണ് ബോധിയുടെ പ്രവര്‍ത്തനം. എട്ടാം ക്ളാസ് വിദ്യാര്‍ഥിളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം പഠനത്തോട് ആവേശം തോന്നുന്ന സര്‍ഗാത്മക ഇടപെടലുകളുമുണ്ടാവും. മാതൃഭാഷയോടൊപ്പം ഇംഗ്ളീഷും അനായാസമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കും. കലാപഠനം ബോധന പ്രക്രിയയുടെ ഭാഗമാക്കും. വായനയില്‍ താല്‍പര്യമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടൊപ്പം ലൈബ്രറി, വായനമുറി എന്നിവ പുന:സജ്ജീകരിക്കും. ശാസ്ത്ര വിഷയങ്ങള്‍ക്കെന്ന പോലെ ഭാഷാ വിഷയങ്ങള്‍ക്കും ഗണിത ശാസ്ത്രത്തിനും പ്രത്യേക ലാബുകള്‍ ഒരുക്കും. കായിക വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് പരിശീലന ക്യാമ്പുകള്‍ ഒരുക്കുക. ദേശീയ നിലവാരത്തിലുള്ള നീന്തല്‍കുളം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കും. ‘ബോധനോദ്യാനം’ എന്ന സങ്കല്‍പം മുന്‍നിര്‍ത്തി ശില്‍പങ്ങളും സന്ദേശ വചനങ്ങളും മഹദ് വചനങ്ങളും പഠന മാതൃകകളും ഒരുക്കും. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച അവസാനത്തെ ഒന്നര മണിക്കൂര്‍ സര്‍ഗ സായാഹ്നമെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കെട്ടിടങ്ങള്‍, വാഹന സൗകര്യം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിച്ച് വിദ്യാര്‍ഥി സൗഹൃദാന്തരീക്ഷം സ്കൂളില്‍ ഒരുക്കാനും ‘ബോധി’യില്‍ പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.