അഞ്ചരക്കണ്ടി/ കേളകം:: വേനല്‍ കനത്തതോടെ അഞ്ചരക്കണ്ടി മേഖലയില്‍ പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. മാമ്പത്തോട്, വേങ്ങാട് തെരു, തട്ടാരി പുഴയോരം തുടങ്ങിയ ഭാഗങ്ങളിലുള്ള ജല ഉറവിടങ്ങള്‍ വറ്റിയ നിലയിലാണ്. ഊര്‍പ്പള്ളി, ചാമ്പാട്, കല്ലികുന്ന്, ഓടക്കാട് ഭാഗങ്ങളിലെ പച്ചക്കറി കൃഷി ചെയ്യുന്നവരാണ് വെള്ളമില്ലാത്തതിനാല്‍ കൂടുതല്‍ പ്രയാസത്തിലായത്. കൃഷിയെ പ്രധാനമായും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടങ്ങളില്‍ കൂടുതലായും ഉള്ളത്. നേന്ത്രവാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളൊക്കെ നശിക്കുന്ന അവസ്ഥയിലാണ്. സാധാരണഗതിയില്‍ ഏപ്രില്‍ പകുതിയോടെ ശക്തിപ്പെടുന്ന വേനല്‍ചൂടാണ് ഇത്തവണ മാര്‍ച്ച് മാസം ആദ്യംതന്നെ കഠിനമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ടാങ്കുകള്‍ മിക്കയിടങ്ങളിലും നോക്കുകുത്തിയാണ്. മലയോര മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും വറ്റിവരണ്ടു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ഈ പുഴകളെ ആശ്രയിച്ചാണ്. പുഴ വറ്റിയതോടെ നാട്ടുകാരുടെ കുടിവെള്ളവും മുട്ടി. കിണറുകള്‍ വറ്റിയതോടെ മലയോരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയാണ്. വേനലില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.