കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴീക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലുള്ള ഗ്രൂപ് പ്രശ്നങ്ങള്‍ ഉടന്‍ ഒത്തുതീര്‍ക്കണമെന്ന് ലീഗ് നേതൃത്വത്തിന്‍െറ ആവശ്യം. മണ്ഡലത്തില്‍ യു.ഡി.എഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവും കോര്‍പറേഷനില്‍ യു.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിക്കുകയും ചെയ്ത പി.കെ. രാഗേഷിനെ ഒപ്പം നിര്‍ത്തി യു.ഡി.എഫിലെ വോട്ട് ചോര്‍ച്ച തടയണമെന്നാണ് ലീഗ് നേതൃത്വത്തിന്‍െറ പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പി.കെ. രാഗേഷുമായി കൂടിയാലോചനകള്‍ക്കുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ യോഗത്തിലാണ് പി.കെ. രാഗേഷിനെ അഴീക്കോട് മത്സരിപ്പിക്കുമെന്ന് ഒരു വിഭാഗം നേരത്തെ പ്രഖ്യാപിച്ചത്. ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എം. ഷാജിയെ മുസ്ലിംലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ 2011ല്‍ നേടിയ അട്ടിമറി വിജയം നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ് പോര് അവസാനിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. 2011ല്‍ 493 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രമാണ് സി.പി.എമ്മിലെ എം. പ്രകാശന്‍ മാസ്റ്ററെ കെ.എം. ഷാജി തോല്‍പിച്ചത്. ഇടതുപക്ഷത്തുനിന്നും സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന് അഴീക്കോട് മണ്ഡലം അനുവദിക്കുമെന്ന രീതിയിലാണ് അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അങ്ങനെയായാല്‍ മുന്‍ മന്ത്രിയും സി.എം.പി സ്ഥാപകനുമായ എം.വി. രാഘവന്‍െറ മകനും കേരളത്തില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും കൂടിയായ എം.വി. നികേഷ് കുമാറായിരിക്കും അഴീക്കോട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എത്തുക. കെ.എം. ഷാജിയും എം.വി. നികേഷ് കുമാറും തമ്മിലാണ് മത്സരമെങ്കില്‍ പി.കെ. രാഗേഷിന്‍െറ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്‍െറ ആശങ്ക. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പ്രാദേശികതല പ്രശ്നങ്ങളും ഒത്തുതീര്‍ക്കണമെന്ന് ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ലീഗിലെ സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ചിലര്‍ക്കുള്ള പരിഭവങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കെ.എം. ഷാജിക്കെതിരെയുള്ള അസ്വാരസ്യങ്ങളും പരിഹരിക്കാന്‍ ലീഗ് നേതൃത്വവും മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യമുന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.