മാവോവാദികള്‍ക്കായി ആറളം, കൊട്ടിയൂര്‍ മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് സേനയുടെ തിരച്ചില്‍

കേളകം: ആറളം പഞ്ചായത്തിലെ വിയറ്റ്നാം കോളനിയിലും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും മാവോവാദികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വനത്തിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും തണ്ടര്‍ ബോള്‍ട്ട് സേന തിരച്ചില്‍ നടത്തി. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം, പേരാവൂര്‍, ആറളം, കരിക്കോട്ടക്കരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെയും സുരക്ഷ ശക്തമാക്കി. പതിനഞ്ചംഗ തണ്ടര്‍ബോള്‍ട്ട് സേനയാണ് തിരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. മാവോവാദി സംഘത്തില്‍പ്പെട്ട ആറുപേരാണ് ദിവസങ്ങള്‍ക്കുമുമ്പ് വിയറ്റ്നാം കോളനിയിലത്തെി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് മടങ്ങിയത്. ഇവരില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് പലതവണ മാവോവാദി സംഘമത്തെി മടങ്ങിയ നിടുംപൊയില്‍ ചെക്കേരി കോളനി പൊലീസ് നിരീക്ഷണത്തിലാണ്. ചെക്കേരി കോളനിക്ക് സമീപം മാസങ്ങള്‍ക്കുമുമ്പ് 24ാം മൈല്‍ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിനുനേരെ ആക്രമണമുണ്ടാവുകയും അതിന്‍െറ മുഖ്യ സൂത്രധാരകരിലൊരാളായ രൂപേഷ് പിടിയിലാവുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കുമുമ്പ് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമച്ചി കോളനിയില്‍ മൂന്നംഗ മാവോവാദി സംഘമത്തെി മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മാവോവാദികളത്തെി മടങ്ങിയ വിയറ്റ്നാം കോളനിയിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഇരിട്ടി ഡിവെ.എസ്.പി കെ. സുദര്‍ശന്‍, സി.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചില്‍ തുടരുന്നുണ്ട്. കര്‍ണാടക വനത്തോട് ചേര്‍ന്ന ഭാഗങ്ങളിലും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ കേളകം, പേരാവൂര്‍ പൊലീസ് സറ്റേഷന്‍ പരിധിയിലും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് മാവോവാദി സംഘം, നിലമ്പൂര്‍ പ്രദേശങ്ങളിലേക്കും തുടര്‍ന്ന് ആറളത്തേക്കും നീങ്ങിയതെന്ന് കരുതുന്നു. ആറളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോവാദികളെ കണ്ടത്തെിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഇരിട്ടി ഡിവൈ.എസ്.പി കെ. സുദര്‍ശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.