ധര്‍മടം: കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ജനിച്ചുവീണ ധര്‍മടം മണ്ഡലം ഇക്കുറി ജനവിധിയുടെ നവോദയം കുറിക്കാന്‍ കാത്തിരിക്കുന്നു. പിണറായി വിജയന്‍െറ അങ്കപ്പുറപ്പാടോടെ ഇത്തവണ വി.ഐ.പി പരിവേഷമണിഞ്ഞ് ധര്‍മടം പുതിയ ചരിത്രത്തിന്‍െറ ഭാഗമാവുമെന്നാണ് കരുതുന്നത്. ധര്‍മടം സി.പി.എമ്മിന്‍െറ ഉറച്ച കോട്ടയായി തന്നെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ ജനങ്ങള്‍ ആരെ കൊള്ളും ആരെ തള്ളും എന്നതു സംബന്ധിച്ച് വലിയ ആശങ്കക്കോ വേവലാതിക്കോ ഇവിടെ ഇടമില്ല. പിണറായി വിജയന്‍െറ എതിരാളി ആരായിരിക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും കഴിഞ്ഞ തവണ മത്സരിച്ച് സി.പി.എമ്മിലെ കെ.കെ. നാരായണനോട് പരാജയപ്പെട്ട മമ്പറം ദിവാകരന്‍െറയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍, ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് എന്നിവരുടെയും പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ അവസാനവട്ടം മമ്പറം ദിവാകരനുതന്നെ നറുക്കുവീഴാനാണ് സാധ്യത. എന്നാല്‍, മമ്പറം ദിവാകരന് ധര്‍മടത്ത് മത്സരിക്കാന്‍ താല്‍പര്യമില്ളെന്നും പറയപ്പെടുന്നുണ്ട്. ആര്‍.എം.പി നേതാവ് കെ.കെ. രമ ഇവിടെ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിട്ടുണ്ട്. നിയാസ് തറമ്മലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ജില്ലയിലെ മറ്റ് മണ്ഡലത്തില്‍ നിന്ന് ഒട്ടേറെ പ്രത്യേകത ധര്‍മടത്തിനുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കം കുറിച്ച പാറപ്രം ഉള്‍പ്പെട്ട മണ്ണാണിത്. എ.കെ.ജിയുടെ ജന്മനാട് ഉള്‍പ്പെട്ട മണ്ഡലം. ഒപ്പം പിണറായി വിജയന്‍െറ വീടും നാടും മണ്ഡലത്തിലാണ്. ഡീലിമിറ്റേഷനുശേഷം 2011ലാണ് മണ്ഡലം നിലവില്‍വന്നത്. എടക്കാട് മണ്ഡലം ഇല്ലാതായ ശേഷമാണ് ധര്‍മടത്തിന്‍െറ പിറവി. കൂത്തുപറമ്പ്, തലശ്ശേരി, എടക്കാട് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ന്നതോടെ ധര്‍മടം ഉരുക്കുകോട്ടയായി. കന്നിയങ്കത്തില്‍ സി.പി.എമ്മിലെ കെ.കെ. നാരായണനെയാണ് മണ്ഡലത്തിന്‍െറ ചുവന്ന മനസ്സ് അംഗീകരിച്ചത്. കെ.കെ. നാരായണന് 72,354 വോട്ട് കിട്ടിയപ്പോള്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മമ്പറം ദിവാകരന് 57,192 വോട്ടും ലഭിച്ചു. ബി.ജെ.പിയിലെ സി.പി. സംഗീത 4,963 വോട്ട് നേടി. 15,162 വോട്ടിന്‍െറ ഭൂരിപക്ഷം നേടിയാണ് കെ.കെ. നാരായണന്‍ കന്നിയങ്കത്തില്‍ നിയമസഭയില്‍ എത്തിയത്. എന്നാല്‍, 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ വോട്ട് വര്‍ധിച്ചിട്ടില്ല. പി.കെ. ശ്രീമതി ടീച്ചര്‍ക്ക് ഇവിടെ നിന്ന് 72,158 വോട്ടാണ് കിട്ടിയത്. കെ.കെ. നാരായണന് 2011ല്‍ കിട്ടിയതിനേക്കാളും 196 വോട്ടിന്‍െറ കുറവ്. അതേസമയം, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. സുധാകരന് മമ്പറം ദിവാകരന് കിട്ടിയതിനേക്കാള്‍ അഞ്ചു വോട്ട് മാത്രമാണ് കൂടുതല്‍ കിട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലത്തെുമ്പോള്‍ ബി.ജെ.പിക്കാണ് മണ്ഡലത്തില്‍ നേട്ടം കൈവരിക്കാനായത്. 1953 വോട്ടുകള്‍ ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് കൂടുതല്‍ കിട്ടി. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രഥമ മത്സരത്തിനിറങ്ങിയ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി 3177 വോട്ട് നേടി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 78,769 വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയപ്പോള്‍ 48,437 വോട്ടുകളാണ് യു.ഡി.എഫിന് നേടാനായത്. ബി.ജെ.പിക്ക് 10,207 വോട്ടും കിട്ടി. 30, 337 വോട്ടിന്‍െറ ലീഡാണ് മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേടാനായത്. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ 97 പ്രവാസി വോട്ടുകള്‍ ഉള്‍പ്പെടെ 1,79,416 വോട്ടാണുള്ളത്. ഇതില്‍ 97,843 സ്ത്രീകളും 81,573 പുരുഷന്മാരുമാണ്. കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധര്‍മടം, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് ധര്‍മടം മണ്ഡലം. 2008ലെ നിയമസഭാ പുനര്‍ നിര്‍ണയത്തോടെയാണ് ഈ മണ്ഡലം നിലവില്‍വന്നത്. ധര്‍മടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ മുഴുവനും ഇടതു ഭരണത്തിലാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയുണ്ട്. ഇതില്‍ ഗ്രാമീണ റോഡുകളുടെ വികസനമാണ് കെ.കെ. നാരായണന്‍ എം.എല്‍.എ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. കൃഷി, വിദ്യാഭ്യാസ മേഖലകളിലും ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എം.എല്‍.എ വികസന ഫണ്ടില്‍നിന്ന് 69 പദ്ധതികളും ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 പദ്ധതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ 105 പദ്ധതികളും നടപ്പാക്കിയെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.