തലശ്ശേരി: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും അവയുടെ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ബോധവത്കരിക്കാനും ജില്ലാ ആരോഗ്യവകുപ്പ് ‘മഴയൊരുക്കം’ എന്ന പേരില്‍ സന്ദേശയാത്ര നടത്തുന്നു. മാര്‍ച്ച് 17 മുതല്‍ 22 വരെയാണ് ജനകീയ പങ്കാളിത്തത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സന്ദേശയാത്ര നടത്തുന്നത്. 17ന് രാവിലെ 9.30ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ തലശ്ശേരി സബ് കലക്ടര്‍ നവ്ജോത് ഖോസ ‘മഴയൊരുക്കം’ ഫ്ളാഗോഫ് ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡി.എം.ഒ) ഡോ. പി.കെ. ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോള്‍ സംബന്ധിക്കും. 17ന് തലശ്ശേരിക്ക് പുറമെ പെരിങ്ങത്തൂര്‍, കതിരൂര്‍, പാനൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലും സന്ദേശയാത്രയെ സ്വീകരിക്കും. 18ന് കൂത്തുപറമ്പ്, കോളയാട്, കേളകം, പേരാവൂര്‍, 19ന് മട്ടന്നൂര്‍, ഇരിട്ടി, ഇരിക്കൂര്‍, ശ്രീകണ്ഠപുരം, 21ന് ആലക്കോട് ടൗണ്‍, ചെറുപുഴ, പെരിങ്ങോം, പയ്യന്നൂര്‍, 22ന് തളിപ്പറമ്പ്, ചെറുകുന്ന് തറ, ചക്കരക്കല്ല് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ശിങ്കാരിമേളം, ആശാപ്രവര്‍ത്തകരുടെ തെരുവരങ്ങ്, പ്രഭാഷണം, പരിശീലന പരിപാടികള്‍, ഉറവിട നശീകരണ പ്രവൃത്തികള്‍ എന്നിവ ഉണ്ടാവും. സമാപന സമ്മേളനത്തില്‍ ബ്ളോക്തലത്തിലെ യുവജനങ്ങളുടെ സ്കിറ്റ് മത്സരവും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.കെ. ഷാജ്, തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, ടെക്നിക്കല്‍ അസിസ്റ്റന്‍റ് പി. സുനില്‍ദത്തന്‍, ജില്ലാ മലേറിയ ഓഫിസര്‍ കെ.കെ. ഷിനി, തലശ്ശേരി ഐ.എം.എ പ്രസിഡന്‍റ് ഡോ. വി.കെ. രാജീവന്‍, പിണറായി സി.എച്ച്.സി ഹെല്‍ത് സൂപ്പര്‍വൈസര്‍ സി.ജെ. ചാക്കോ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.