ഉളിയത്തുകടവ് കണ്ടല്‍ക്കാട്ടില്‍ പ്രകൃതിയുടെ മരണം

പയ്യന്നൂര്‍: ചരിത്രപ്രസിദ്ധമായ ഉളിയത്തുകടവിലെ അവശേഷിക്കുന്ന ഹരിതതുരുത്തും ഓര്‍മയാക്കി വ്യാപക കണ്ടല്‍വേട്ട. നാല് ഏക്കറോളം സ്ഥലത്തെ കണ്ടല്‍ക്കാടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വെട്ടിനശിപ്പിച്ചു. ഇതോടെ പയ്യന്നൂരിലെ ഏക കണ്ടല്‍ പഠന-ഗവേഷണ സാധ്യതാ കേന്ദ്രമാണ് ഇല്ലാതായത്. ഉളിയത്തുകടവില്‍ 45 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ക്കാടുകള്‍ ഉള്ളതായി 1995ലെ ഉപഗ്രഹ ചിത്രം വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം വിവിധ കാലയളവില്‍ സ്വകാര്യ വ്യക്തികള്‍ വെട്ടിനശിപ്പിച്ച് മണ്ണിട്ടുമൂടുകയായിരുന്നു. ഉപ്പു കുറുക്കിയ പാടം നികത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ നിസ്സംഗതയാണ് കണ്ടല്‍ നശിപ്പിച്ച് നികത്തുന്നവര്‍ക്ക് തുണയായത്. കവ്വായിക്കായലിന്‍െറ ഓരം വരെയുള്ള കാടുകളും നശിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ കണ്ടല്‍ക്കാടുകളില്‍ ചിലത് അത്യപൂര്‍വ ഇനങ്ങളാണ്. ഇവ ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. നക്ഷത്ര കണ്ടല്‍, ചക്കരക്കണ്ടല്‍ എന്നിവ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായവയുടെ കൂട്ടത്തില്‍പെടും. ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ചതുപ്പുകള്‍ വില കൊടുത്തുവാങ്ങി സംരക്ഷിക്കാന്‍ പദ്ധതി ആരംഭിച്ചപ്പോഴാണ് ബാക്കിവരുന്ന കണ്ടല്‍ക്കാടുകളും വെട്ടി നശിപ്പിക്കുന്നത്. കണ്ടല്‍ വെട്ടിയ പ്രദേശം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂര്‍ സന്ദര്‍ശിച്ചു. കണ്ടല്‍ വെട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.