പയ്യന്നൂര്‍: തലമുറകളിലൂടെ കാലം കാച്ചിമിനുക്കിയ കര്‍ണാടക സംഗീത സമ്പ്രദായത്തിന്‍െറ സാരസത്തുക്കള്‍ ശബ്ദസൗകുമാര്യത്തിന്‍െറ മേമ്പൊടി ചേര്‍ന്ന് ആസ്വാദക മനസ്സിലേക്ക് ഒഴുകിയത്തെിയപ്പോള്‍ തുരീയം സംഗീതോത്സവത്തിന്‍െറ ഇരുപത്തിരണ്ടാംനാള്‍ അനന്യം, അനുപമം. കര്‍ണാടക സംഗീത വേദിയിലെ താരസാന്നിധ്യം നിത്യശ്രീ മഹാദേവനാണ് സംഗീതോത്സവത്തിന് രാഗപ്പെരുമഴ കൊണ്ട് ധന്യത പകര്‍ന്നത്. പാട്ടിന്‍െറ ദീപ്ത സാന്നിധ്യമായിരുന്ന ഡി.കെ. പട്ടമ്മാളിന്‍െറ കൊച്ചുമകള്‍ കൂടിയായ നിത്യ, ശുദ്ധസംഗീതത്തിന്‍െറ ശ്രീത്വമാണ് അടയാളപ്പെടുത്തിയത്. തിമിര്‍ക്കുന്ന മിഥുനപ്പെരുമഴയെ അവഗണിച്ച് സദസ്സിലത്തെിയ പ്രേക്ഷകര്‍ക്കു മുന്നില്‍ അപൂര്‍വരാഗങ്ങളുടെ വിസ്മയമൊരുക്കുകയായിരുന്നു ഗായിക. സംഗീതപരമാചാര്യന്മാര്‍ നടന്നു നീങ്ങിയ പാതയില്‍ നിന്ന് വ്യതിചലിക്കാതെ സാവേരിയില്‍ വര്‍ണം പാടി തുടക്കം. തുടര്‍ന്ന് ബലാംഹഡ രാഗത്തില്‍ ദണ്ഡപാണീ.., വരാളിയില്‍ ശേഷാചലനായകീ.., കര്‍ണരഞ്ജിനിയില്‍ ഓം നമോ നാരായണ.., നവരസ കന്നടയില്‍ ദുര്‍ഗാദേവി ദുരിത നിവാരണീ... തുടങ്ങിയ കീര്‍ത്തനങ്ങള്‍ ഒഴുകിയത്തെി. എം.എ. കൃഷ്ണമൂര്‍ത്തിയുടെ വയലിന്‍ മാന്ത്രികത നിത്യശ്രീയുടെ പാട്ടിനെ സ്വപ്ന തലത്തിലേക്കുയര്‍ത്തി. ചേര്‍ത്തല അനന്തകൃഷ്ണന്‍ (മൃദംഗം), ഉഡുപ്പി ബാലകൃഷ്ണന്‍ (ഘടം) എന്നിവരും പിന്തുണയേകി. ചൊവ്വാഴ്ച ബാബു അഞ്ഞൂറ്റാന്‍ മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിന്‍െറ പതിമൂന്നാം തുരീയം സംഗീതോത്സവത്തിന്‍െറ ഇരുപത്തിമൂന്നാം നാളായ ഇന്ന് ഹിന്ദുസ്ഥാനി സിത്താര്‍ വാദനമാണ്. റാവിചാരി മുംബൈയും ഡോ. രവികിരണ്‍ നാക്കോട്ടും (തബല) ആയിരിക്കും വേദിയില്‍. എം. സഞ്ജീവന്‍ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.