തലശ്ശേരി നഗരസഭാ യോഗം: ഇതര സംസ്ഥാന തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്

തലശ്ശേരി: നഗരസഭയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കടുത്ത ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഏതാനും ദിവസങ്ങളിലായി നഗരസഭാ പരിധിക്ക് അകത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നരകതുല്യമായ ജീവിതത്തിനൊപ്പം കടുത്ത ചൂഷണത്തിനും വിധേയമാകുന്നതായി കണ്ടത്തെിയത്. കമ്മിറ്റിയുടെ പരിശോധനാ റിപ്പോര്‍ട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാഘവന്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. നഗരപരിധിയില്‍ താമസിക്കുന്ന 500 തൊഴിലാളികളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. വളരെ മോശം ചുറ്റുപാടിലാണ് ഇവര്‍ ജീവിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത കെട്ടിടങ്ങളിലും മറ്റുമാണ് ഇവരെ താമസിപ്പിക്കുന്നത്. പ്രഭാതകൃത്യങ്ങള്‍ക്കായി പുഴയോരവും കടല്‍ക്കരയും തുറസായ പ്രദേശങ്ങളുമൊക്കെയാണ് ഇവര്‍ ആശ്രയിക്കുന്നത്്. പരിധിയില്‍ കവിഞ്ഞ തൊഴിലാളികളെയാണ് ഓരോസ്ഥലത്തും താമസിപ്പിക്കുന്നത്. ഒരു വീട്ടില്‍ 29 മുറിയാക്കി തിരിച്ച് 52 തൊഴിലാളികളെ താമസിപ്പിക്കുന്നതായി കണ്ടത്തെിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കക്കൂസുകള്‍ ഉപയോഗ്യ ശൂന്യമാണ്. എന്നാല്‍, കുറഞ്ഞത് 1000 രൂപയെങ്കിലും വീതം ഒരോ തൊഴിലാളിയില്‍നിന്നും വീട്ടുടമ ഈടാക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിന് സമീപത്തായി നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നഗരപരിധിയില്‍ നടത്തിയ പരിശോധനയില്‍ ഒരു കെട്ടിടം മാത്രമാണ് വാസയോഗ്യമായി കണ്ടത്തെിയത്. മറ്റ് സ്ഥലങ്ങളെല്ലാം വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്ന ഇടങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ്. താല്‍പര്യമുണ്ടായിട്ടല്ല ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നതെന്നും രാവിലെ പണിക്ക് പോകണമെങ്കില്‍ നഗരത്തില്‍ തന്നെ താമസിക്കേണ്ടത് അത്യാവശ്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. വാസയോഗ്യമല്ലാത്ത സ്ഥലത്ത് തൊഴിലാളികളെ താമസിപ്പിക്കുന്ന ഒമ്പത് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കെട്ടിടങ്ങളില്‍ പ്രാഥമിക സൗകര്യം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും അതിന് തയാറാകാത്ത ഉടമകള്‍ക്കെതിരെ നിയമാനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ. സുനില്‍, എം.എ. സുധീശന്‍ എന്നിവരാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ദുരിത ജീവിതം കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പുറമ്പോക്കില്‍ ടെന്‍റില്‍ താമസിക്കുന്ന ഇവരില്‍ നിന്ന് ചിലര്‍ വാടക പിരിക്കുന്നുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും കെ. സുനില്‍ ആവശ്യപ്പെട്ടു. ബെന്യാമിന്‍െറ ‘ആടുജീവിതം’ പോലെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ഇവിടത്തെ ജീവിതമെന്ന് എം.എ. സുധീശന്‍ പറഞ്ഞു. കുടിക്കാന്‍ നല്ല വെള്ളമോ പ്രാഥമിക സൗകര്യമോ പോലുമില്ലാതെ പുഴുക്കളെ പോലെയാണ് ഇവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ സി.കെ. രമേശന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. കൗണ്‍സില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതും യോഗത്തില്‍ അംഗങ്ങളുടെ വിമര്‍ശത്തിനിടയാക്കി. കൗണ്‍സില്‍ നിര്‍ദേശം പാലിക്കാനോ നടപ്പാക്കാനോ തയാറാകാത്ത ഒരു ഉദ്യോഗസ്ഥനും നഗരസഭയില്‍ ഉണ്ടാവില്ളെന്ന് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡിലെ ഓടകള്‍ക്ക് സ്ളാബ് അടിയന്തരമായി ഇടാന്‍ കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചതാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇനിയും സ്ളാബ് ഇട്ടില്ളെങ്കില്‍ അടുത്ത യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ നിയമവിരുദ്ധമായ തീരുമാനം നടപ്പാക്കാനല്ല ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത്. നിയമവിരുദ്ധമായ വല്ലതും ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി തിരുത്തിക്കുകയാണ് വേണ്ടത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കിട്ടിയ അപേക്ഷകളില്‍ നടപടിയെടുക്കണം. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മുറിച്ചുമാറ്റാത്ത മരം അപകടമുണ്ടാക്കിയാല്‍ അതിന്‍െറ പൂര്‍ണ ഉത്തരവാദി ഉദ്യോഗസ്ഥരായിരിക്കും. നഗരത്തില്‍ നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന വര്‍ധിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമായി പൊലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. തലശ്ശേരിയെ പ്ളാസ്റ്റിക് വിമുക്ത നഗരമാക്കുന്ന പദ്ധതിയുടെയും ഇതിന്‍െറ നടത്തിപ്പിനായുള്ള പ്രത്യേക ഡിവിഷന്‍െറയും ഉദ്ഘാടനം ജൂലൈ ഒന്നിന് നടക്കും. രാവിലെ ഒമ്പതിന് ടൗണ്‍ എല്‍.പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.എ.സി.ടി ജഡ്ജി കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. കാവാലം നാരായണപണിക്കര്‍, മുന്‍ സ്പീക്കര്‍ പി.എസ്. ജോണ്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.