കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജൂലൈ ഒന്നുമുതല്‍ മാതൃകാ സബ് ഡിപ്പോ

കാഞ്ഞങ്ങാട്: കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കാഞ്ഞങ്ങാടും കണ്ണൂരുമടക്കം സംസ്ഥാനത്തെ 17 കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോകള്‍ ജൂലൈ ഒന്നുമുതല്‍ മോഡല്‍ സബ് ഡിപ്പോകളാക്കി ഉയര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ നാലും മറ്റ് 13 ജില്ലകളില്‍ ഒരോ സബ് ഡിപ്പോകളുമാണ് കെ.എസ്.ആര്‍.ടി.സി മോഡല്‍ സബ് ഡിപ്പോയാക്കി ഉയര്‍ത്തുന്നത്. നിലവിലുള്ള ബസുകളുടെയും ജീവനക്കാരുടെയും കുറവ് പരിഹരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി വരുമാനവും സര്‍വിസും കൂട്ടുകയുമാണ് മോഡല്‍ സബ് ഡിപ്പോകളാക്കി ഉയര്‍ത്തുന്നതിന്‍െറ ലക്ഷ്യമെന്ന് കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണ്‍ മാനേജര്‍ സഫറുല്ല പറഞ്ഞു. മറ്റ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ജീവനക്കാരെയും കൂടി ഉപയോഗിച്ചാണ് ഡിപ്പോകള്‍ മാതൃകാ ഡിപ്പോകള്‍ ആക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സോണിന് കീഴിലുള്ള മാനന്തവാടി സബ് ഡിപ്പോയും താമരശ്ശേരി സബ് ഡിപ്പോയും ഇങ്ങനെ മാതൃകാ സബ് ഡിപ്പോകളായി ഉയര്‍ത്തും. ഘട്ടം ഘട്ടമായി കൂടുതലെണ്ണത്തെ മാതൃകാ സബ് ഡിപ്പോയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ബസുകളുടെ എണ്ണക്കുറവ് കാരണം ഷെഡ്യൂള്‍ വെട്ടിക്കുറച്ച് ഓടുന്ന കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയെ സംബന്ധിച്ചിടത്തോളം മാതൃക സബ് ഡിപ്പോ ആയുള്ള സ്ഥാനക്കയറ്റം വലിയ ആശ്വാസ മാണ്. നിലവില്‍ 50 ഷെഡ്യൂളുകളാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോക്കുള്ളത്. ഇത് നിലവില്‍ ബസുകളുടെ എണ്ണക്കുറവ് കാരണം 40 ഷെഡ്യൂളായി ചുരുങ്ങി. ആകെ 37 ബസാണ് സബ് ഡിപ്പോയിലുള്ളത്. മോഡല്‍ സബ് ഡിപ്പോ വരുമ്പോള്‍ കൂടുതല്‍ ബസുകളും ജീവനക്കാരും ലഭ്യമാകുമെന്നത് യാത്രക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.