കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം വ്യാപിക്കുന്നു കര്‍ശന പരിശോധനക്കൊരുങ്ങി സി.ഡബ്ള്യു.സി

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊതുസ്ഥലങ്ങളിലും ആരാധാനലയങ്ങളുടെ പരിസരത്തും കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഭിക്ഷാടനം വ്യാപിക്കുന്നു. ഇത്തരത്തില്‍ നിരവധി കേസുകളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെതിരെ അടുത്ത ദിവസങ്ങളില്‍ ഡ്രൈവ് നടത്താനൊരുങ്ങുകയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ള്യു.സി). വിവിധ ദേശങ്ങളില്‍നിന്നത്തെിയ ശേഷം ഏതെങ്കിലും പ്രധാന സ്റ്റേഷന്‍ പരിസരത്ത് തമ്പടിക്കുകയാണ് ഭിക്ഷാടനക്കാരുടെ പതിവ്. മറ്റെന്തെങ്കിലും സാധനം വില്‍പന നടത്താനാണ് മിക്കവരുമത്തെുന്നതെങ്കിലും കുട്ടികളെ ഭിക്ഷാടനത്തിനയക്കുകയാണ് മിക്കവരുമെന്ന് അധികൃതര്‍ പറയുന്നു. മുതിര്‍ന്നവര്‍ വില്‍പനക്ക് പോയാലും കുട്ടികളെ വിവിധ ട്രെയിനുകളില്‍ കയറ്റിവിടും. അടുത്ത ട്രെയിനിന് കൃത്യമായി ഇതേ സ്റ്റേഷനില്‍ തിരിച്ചിറങ്ങാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ട്രെയിനില്‍ ഇത്തരം കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ യാത്രക്കാരാണ് ശ്രദ്ധിക്കേണ്ടത്. കൈനീട്ടിയാല്‍ കിട്ടുമെന്നുള്ളതുകൊണ്ടാണ് ട്രെയിനിലെ ഭിക്ഷാടനം വര്‍ധിക്കുന്നത്. ഇത് നിരുത്സാഹപ്പെടുത്താനാവണം യാത്രക്കാരുടെ ശ്രമം. ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ ആണ് കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി ചൈല്‍ഡ് ലൈനിന് കൈമാറിയത്. ഇതേ കുട്ടിയെ ഞായറാഴ്ചയും ട്രെയിനില്‍ കണ്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ തടയാനെന്ന വ്യാജേന കുട്ടിയെ പരിക്കേല്‍പിക്കാന്‍ ശ്രമമുണ്ടായതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ്, സംഘാംഗങ്ങളെ സ്റ്റേഷന്‍ വളപ്പില്‍നിന്ന് പുറത്താക്കുകയായിരുന്നു. ബഹളംവെച്ചാല്‍ കുട്ടിയെ വിട്ടുകിട്ടിയേക്കാമെന്ന ധാരണയുമാവാം ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഭിക്ഷാടനമോ ബാലവേലയോ ശ്രദ്ധയില്‍പെട്ടാല്‍ ചൈല്‍ഡ് ലൈനിന് നേരിട്ട് കുട്ടികളെ കസ്റ്റഡിയിലെടുക്കാം. എന്നാല്‍, പൊതുസ്ഥലങ്ങളില്‍വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ പകുതി പേര്‍ ഇതര സംസ്ഥാനക്കാരെ ന്യായീകരിക്കും. ചിലര്‍ ആക്രമിക്കാനും ശ്രമിക്കും. കുട്ടികളെ കസ്റ്റഡിയിലെടുത്താല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കുകയും പഠിക്കാനയക്കുകയും ചെയ്യുകയാണ് പതിവെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.